LHC0088 • 2025-10-14 19:21:14 • views 1261
ജറുസലം∙ ഹമാസ് ബന്ദിയാക്കിയ നേപ്പാളി വിദ്യാർഥി ബിപിൻ ജോഷിയുടെ മൃതദേഹം റെഡ്ക്രോസിനു കൈമാറി. മൃതദേഹം ഇസ്രയേലിലേക്കു തിരിച്ചെത്തിച്ചതായി നേപ്പാൾ അംബാസഡർ ധൻ പ്രസാദ് പണ്ഡിറ്റ് അറിയിച്ചു. സമാധാനക്കരാർ നിലവിൽ വന്നതിനുശേഷം വിട്ടയച്ചവരുടെ കൂടയാണ് ബിപിന്റെ മൃതദേഹവുമുണ്ടായിരുന്നത്. 20 ബന്ദികളും 4 മൃതദേഹങ്ങളുമാണ് ഹമാസ് ഇപ്പോൾ വിട്ടുനൽകിയത്. പകരമായി ഇസ്രയേൽ 2000 തടവുകാരെയും വിട്ടയച്ചു.
- Also Read ഗാസ സമാധാന ഉടമ്പടി: ലോകം കാത്തിരുന്ന നിമിഷം; ട്രംപിന്റെ ആത്മാർഥമായ ശ്രമങ്ങളെ പിന്തുണച്ച് മോദി
സ്റ്റുഡന്റ് എക്സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ 2023 സെപ്റ്റംബറിലാണ് ബിപിൻ ഗാസാ അതിർത്തിയോടു ചേർന്ന കിബിറ്റസ് അമുമിലെത്തുന്നത്. 2023 ഒക്ടോബർ 7നു ഭീകരാക്രമണം നടക്കുമ്പോൾ ബിപിനും കൂട്ടുകാരും സുരക്ഷിത ഇടത്തേക്കു മാറിയിരുന്നു. ഇവിടേക്കു വീണ നിരവധി ബോംബുകൾ എടുത്തു പുറത്തേക്ക് എറിഞ്ഞു കൂടെയുണ്ടായിരുന്നവരെ രക്ഷിച്ചത് ബിപിനാണ്. ഇതിൽ പരുക്കേറ്റ ബിപിനെയും സംഘത്തെയും ഹമാസ് ബന്ദികളാക്കുകയായിരുന്നു.
- Also Read മാഫിയ തലവൻ ജയിൽ ചാടി, നടുറോഡിൽ പ്രസിഡന്റ് ജീവനുംകൊണ്ടോടി; ‘ട്രംപ് ഇടപെടണം’; കോടീശ്വര പുത്രൻ രക്ഷിക്കുമോ ഈ രാജ്യത്തെ?
ഗാസയിലെ ഷിഫാ ആശുപത്രിയിൽ ബിപിനെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന വിഡിയോ പ്രചരിച്ചിരുന്നു. അവസാനമായി ബിപിനെ ജീവനോടെ കാണുന്നതും ഈ വിഡിയോയിലാണ്. അമ്മയും സഹോദരിയും നിരന്തരം പരിശ്രമിച്ചെങ്കിലും ബിപിനെ ജീവനോടെ മോചിപ്പിക്കാനായില്ല. ഡിഎൻഎ പരിശോധന നടത്തി ബിപിന്റെ മൃതദേഹമാണെന്ന് ഉറപ്പിക്കുമെന്ന് പണ്ഡിറ്റ് പറഞ്ഞു. നേപ്പാളിൽനിന്ന് 17 പേരാണ് സ്റ്റുഡന്റ് എക്സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഇസ്രയേലിൽ എത്തിയത്. ഇതിൽ 10 പേർ ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @lelemSLP എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Hamas Releases Body of Nepalese Student Bipin Joshi: Bipin Joshi, a Nepalese student, was confirmed dead after being held hostage by Hamas. His body has been handed over to the Red Cross and returned to Israel. Joshi was part of a student exchange program when he was captured during the October 7th attacks. |
|