ന്യൂഡൽഹി ∙ ആത്മഹത്യ ചെയ്ത ഹരിയാന ഐജി വൈ. പുരൻ കുമാറിന്റെ മൃതദേഹം എട്ടു ദിവസത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്തി ചണ്ഡിഗഡിൽ സംസ്കരിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പു നൽകിയതിന് ശേഷമാണു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ അംനീത് പി. കുമാർ അനുമതി നൽകിയത്. പിജിഐഎംഇആർ ആശുപത്രിയിലെത്തി അംനീതും മക്കളും മൃതദേഹം തിരിച്ചറിഞ്ഞ് നടപടികൾ പൂർത്തിയാക്കി.
- Also Read നാലു മൃതദേഹങ്ങൾ കൂടി കൈമാറി ഹമാസ്; റഫ ഇടനാഴി തുറക്കാൻ ഇസ്രയേൽ, സഹായവുമായി കൂടുതൽ ട്രക്കുകൾ ഗാസയിലേക്ക്
പോസ്റ്റ്മോർട്ടം നടത്താത്തതു കാരണം പുരന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടിയെന്നും അനുമതി നൽകാൻ അംനീതിനോടു നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു ചണ്ഡിഗഡ് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. അംനീതിന് നോട്ടിസയച്ച കോടതി, മറുപടി നൽകിയില്ലെങ്കിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും പറഞ്ഞിരുന്നു.
‘സമയബന്ധിതമായ പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാധാന്യവും നീതിയുടെ വിശാലമായ താൽപ്പര്യവും കണക്കിലെടുത്ത്, ഡോക്ടർമാരുടെ സമിതിയുടെ മേൽനോട്ടത്തിൽ ബാലിസ്റ്റിക് വിദഗ്ധൻ, മജിസ്‌ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തിൽ, മുഴുവൻ നടപടിക്രമത്തിന്റെയും വിഡിയോ ചിത്രീകരിച്ച് പൂർണമായ സുതാര്യത ഉറപ്പാക്കി പോസ്റ്റ്മോർട്ടം നടത്താൻ സമ്മതിച്ചു. കോടതിയിലും പൊലീസ് അധികാരികളിലും പൂർണ വിശ്വാസമുണ്ട്. സത്യം പുറത്തുവരുന്നതിന് വിദഗ്ധവും നിഷ്പക്ഷവും സമയബന്ധിതവുമായ രീതിയിൽ അന്വേഷണം നടത്തുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും എത്രയും വേഗം നീതി നടപ്പാക്കാനും അന്വേഷണ സംഘത്തിന് പൂർണ സഹകരണം നൽകും’ – അംനീത് പി. കുമാർ പറഞ്ഞു.
- Also Read ‘ശരിയായ അന്വേഷണത്തിനായി ജീവൻ നൽകുന്നു’: ആത്മഹത്യ ചെയ്ത ഐജിക്കെതിരായ കേസ് അന്വേഷിച്ച എഎസ്ഐയും ജീവനൊടുക്കി
മേലുദ്യോഗസ്ഥരുടെ പീഡനവും ജാതി വിവേചനവും ആരോപിച്ച് 8 ഓഫിസർമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കുറിപ്പെഴുതിയ ശേഷം കഴിഞ്ഞ 7 –നാണ് ചണ്ഡിഗഡിലെ വസതിയിൽ പുരൻ കുമാർ സ്വയം വെടിവച്ചു മരിച്ചത്. അതേസമയം, പുരൻ കുമാറിനെതിരായ അഴിമതി ആരോപണം അന്വേഷിച്ചിരുന്ന സംഘത്തിലെ എഎസ്ഐ സന്ദീപ് കുമാറും ആത്മഹത്യ ചെയ്തതോടെ കേസ് പുതിയ വഴിത്തിരിവിലായിരിക്കയാണ്. പുരനെതിരെ കടുത്ത ആരോപണങ്ങൾ ആത്മഹത്യാക്കുറിപ്പിലും വിഡിയോ സന്ദേശത്തിലും ഉന്നയിച്ചാണു സന്ദീപ് ജീവനൊടുക്കിയത്. English Summary:
Y. Puran Kumar Death: Haryana IG Puran Kumar Suicide: Post-mortem Done, Police Assure Action Against Accused |
|