രാജ്യത്തുടനീളമുള്ള 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കൃത്യങ്ങളിൽ കുറ്റാരോപിതരാണ്. അവരാരും രാജിവച്ചിട്ടില്ല. ധാർമികതയുടെ പേരിൽ എംഎൽഎസ്‌ഥാനം രാജിവയ്ക്കുന്നു എന്നു കരുതുക. പിന്നീട് നിരപരാധിയാണെന്നു തെളിഞ്ഞാൽ ധാർമികതയുടെ പേരിൽ എംഎൽഎസ്‌ഥാനം തിരികെക്കിട്ടുമോ?’.
- Also Read വായില്‍ ഡിറ്റനേറ്റർ തിരുകി പൊട്ടിച്ചു, മുഖം ഇടിച്ചു വികൃതമാക്കി; ദർഷിത ആണ്‍സുഹൃത്തിനൊപ്പം പോയത് കുട്ടിയെ വീട്ടിലാക്കിയ ശേഷം
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ കോൺഗ്രസ് നേതാവിന്റെ ന്യായീകരണമാണെന്നു കരുതിയെങ്കിൽ തെറ്റി. ബലാത്സംഗക്കേസ് റജിസ്‌റ്റർ ചെയ്‌തതിന്റെ പേരിൽ നടൻ എം.മുകേഷ് എംഎൽഎസ്‌ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് ഒരുകൊല്ലംമുൻപ് ഈ വിഷയം ചർച്ചചെയ്‌ത സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗത്തിനുശേഷം സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞ മറുപടിയാണിത്.
‘മുകേഷ് ഒരു പ്രതി മാത്രമാണ്. കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ല. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്’ എന്ന് നിയമവശംകൂടി വിശദീകരിച്ചേ മാഷ് അന്ന് അടങ്ങിയുള്ളൂ. ലൈംഗിക ആരോപണക്കേസുകൾക്കായി പാർട്ടിക്കോടതിയും സഖാക്കളുടെ സ്ത്രീപീഡനത്തിന്റെ തീവ്രത അളക്കാൻ സ്വന്തം സാങ്കേതികവിദ്യയും ഉള്ളതുകൊണ്ടുതന്നെ മുകേഷിനെ ന്യായീകരിക്കാൻ ദേശീയതലത്തിലുള്ള ഇത്തരം കണക്കുകൾ ക്രോഡീകരിക്കുന്നതിലെ പ്രഫഷനൽ മികവിനെപ്പറ്റിയും ആർക്കുമുണ്ടായില്ല അന്നു സംശയം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎസ്‌ഥാനം രാജിവയ്ക്കണോ എന്നു കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്ന ആദ്യദിവസത്തെ ഗോവിന്ദന്റെ നിലപാട് മുകേഷിന്റെ കാര്യത്തിലേതുമായി ഒത്തുപോകുന്നതായിരുന്നു. ‘രാഹുലിന്റെ രാജി കേരളത്തിന്റെ പൊതുആവശ്യമാണെന്ന്’ രണ്ടാം ദിവസം മലക്കം മറിഞ്ഞതിന്റെ ഗുട്ടൻസ് പക്ഷേ പിടികിട്ടിയില്ല. ഇതിലപ്പുറം ആരോപണവും കേസും കുണ്ടാമണ്ടിയും വന്നിട്ടും തരിമ്പും കുലുങ്ങാത്ത ഞരമ്പുരോഗികൾ സ്വന്തം പാർട്ടിയിലും ഭരണത്തിലും വിവിധ കസേരകളിലായി ഉണ്ടെന്നും അവരെയൊന്നും തൊടാനുള്ള ശേഷി തനിക്കില്ലെന്നുമുള്ള യാഥാർഥ്യം ഗോവിന്ദന് അറിയാത്തതല്ല. രാഹുലിന്റെ രാജി ആവശ്യപ്പെടുന്നതുവഴി ഇക്കൂട്ടരെയും ഒന്നു ചൊറിഞ്ഞ് സ്വയം സമാധാനിക്കാനുള്ള അവസരം വേണ്ടെന്നു വയ്ക്കേണ്ടതില്ല എന്ന് ആശ്വസിച്ചതുമാവാം. ഒന്നിലധികം സ്ത്രീകൾ പരാതി ഉന്നയിച്ച സ്‌ഥിതിക്ക് രാഹുൽ എംഎൽഎസ്‌ഥാനം രാജിവയ്ക്കണമെന്ന ന്യായമാണ് മന്ത്രി വി.ശിവൻകുട്ടിക്ക്. ‘ഒന്നിലധികം’ എന്നതിലെ ഊന്നൽ വ്യക്‌തമല്ല. ഒരാളുടെ മാത്രം പരാതിയുള്ള സഖാക്കളെ രക്ഷിച്ചെടുക്കാനും മറ്റുള്ളവരെ കുടുക്കാനുമുള്ള എന്തോ പരിപാടിയാണോ എന്നാണു സംശയം.
വിദേശത്തിരുന്നുപോലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി ആദ്യമേ ആവശ്യപ്പെട്ട് കോൺഗ്രസിനുള്ളിൽ ഒന്നാമത്തെ ഗോൾ സ്കോർ ചെയ്ത പ്രവർത്തകസമിതി ക്ഷണിതാവ് രമേശ് ചെന്നിത്തലയുടെ കളിമികവു കാണാതെപോകരുത്. വി.ഡി.സതീശന്റെ ഫൗളിന്, കിട്ടിയ അവസരത്തിൽ പെനൽറ്റി ചോദിച്ചുവാങ്ങിയതാണെന്നു കരുതിയവരുണ്ട്. രമേശിന്റെ നേരേ വാ നേരേ പോ രീതി അറിയാത്തതുകൊണ്ടാണ്. അധർമം കക്ഷി സഹിച്ച ചരിത്രമില്ല. രാഹുലിന്റെ പേരു പരാതിക്കാരി പറഞ്ഞില്ലെങ്കിലും ‘നാലുകാലും തുമ്പിക്കയ്യും കൊമ്പുമുള്ള ജീവി ഏതാണെന്നു മലയാളികൾക്കെല്ലാം മനസ്സിലായി’ എന്ന കമന്റോടെ കെ.മുരളീധരനും പതിവുനിലവാരത്തിലേക്കുയർന്നതോടെ മാങ്കൂട്ടത്തിലിന്റെ കാര്യം ഒരരുക്കായി. ആരും പേരു പറഞ്ഞിട്ടല്ല ഇത്തരം കാര്യങ്ങൾ നാട്ടിൽ അറിയുന്നതും പരക്കുന്നതും. സ്നേഹം, ഗർഭം, ആനപ്പുറത്തുള്ള യാത്ര ഇത്യാദികാര്യങ്ങൾ രഹസ്യമാണെന്നു കരുതുന്നവൻ പടുവിഡ്ഢിയാണെന്നാണ് പണ്ടേ ചൊല്ല്. ആനയുടെ ഉദാഹരണം മുരളി വെറുതേ പറഞ്ഞതാവില്ല.
കെ.കരുണാകരന്റെ മകൾ പത്മജ കോൺഗ്രസ് വിട്ടുപോയപ്പോൾ ‘പൊളിറ്റിക്കൽ തന്തയില്ലായ്‌മ’യെന്ന മര്യാദകേടു പറഞ്ഞിട്ടും രാത്രി തലയിൽ മുണ്ടിട്ട് പി.വി.അൻവറിനെ കാണാൻ പോയിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ കാക്കകൊത്താതെ ‘തൻകുഞ്ഞ് പൊൻകുഞ്ഞായി’ പൊതിഞ്ഞു പിടിച്ചതോർത്ത് സതീശൻ ദുഃഖിക്കുന്നുണ്ടാവും. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വ്യാജവോട്ടു തൊട്ടു തുടങ്ങിയതാണ് വിഴുപ്പുചുമക്കൽ. പാലക്കാട്ട് സ്‌ഥാനാർഥിയാക്കാനും ജയിപ്പിക്കാനും പെട്ടപാട് പറഞ്ഞാൽ തീരില്ല. ഇപ്പോ പാലു കൊടുത്ത കൈക്കുതന്നെ കൊത്തി. പാമ്പാട്ടിയെ വിഷം തീണ്ടാതിരുന്ന ചരിത്രമില്ല. ‘ഒന്നേ ഒള്ളെങ്കിൽ ഒലക്കകൊണ്ട് അടിച്ചു വളർത്തണം’ എന്നു കാർന്നോന്മാർ പറയുന്നതു വെറുതേയല്ല.Court Cases Kerala, Pending Cases in Kerala, Justice Delayed is Justice Denied, Kerala High Court Cases, Indian Judiciary Backlog, Case Clearance Strategies, Frank Caprio Justice, Malayala Manorama Online News, Speedy Trial Importance, Judicial Reforms India, കോടതി കേസുകൾ, കേരളത്തിലെ കോടതികൾ, ജസ്റ്റിസ് വൈകുന്നു, നീതിന്യായം, കേരള ഹൈക്കോടതി, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
കയ്യിലിരിപ്പുവച്ചു നോക്കുമ്പോൾ രാഹുലിനെതിരെ കൂടുതൽ കടുപ്പപ്പെട്ട പരാതികളും കേസുകളും വന്നുകൂടായ്കയില്ല. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പറഞ്ഞ മഹാത്മാഗാന്ധിയാണ് കോൺഗ്രസിന്റെ ആത്മാവ്. എങ്ങനെ ജീവിക്കണം എന്നാണ് ഗാന്ധി കാണിച്ചുതന്നത്. എങ്ങനെ ജീവിക്കരുത് എന്നു മാതൃക കാണിച്ചുതരുന്നവർക്കും എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പറയാൻ അവകാശമുണ്ട്. മാമ്പൂ കണ്ടും മക്കളെക്കണ്ടും മദിക്കരുത് എന്ന ചൊല്ല് പാർട്ടികൾക്കും നേതാക്കൾക്കുംകൂടി ബാധകമാണെന്നു തോന്നുന്നു.
പ്രലോഭനത്തിന്റെ നൂറ് സീറ്റ്
കോൺഗ്രസിന്റെ എംപിമാർ ഇത്തവണ നിയമസഭയിലേക്കു മത്സരിക്കുമോ എന്ന ചോദ്യത്തിനു മാധ്യമങ്ങൾ അവരെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പരിദേവനം. വാസ്തവത്തിൽ മാധ്യമങ്ങളൊന്നുമല്ല നൂറു സീറ്റോടെ യുഡിഎഫ് അധികാരത്തിൽ വരും എന്ന് ഇടയ്ക്കിടെ പറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ഇക്കാര്യത്തിൽ മുഖ്യപ്രതി. മൂന്നാമതും തുടർഭരണം എന്നു പറയുന്നെങ്കിലും സിപിഎമ്മിന് ഇത്തരം വയ്യാവേലിയൊന്നുമില്ല. ലോക്‌സഭയിൽ ആകെ ഒരു എംപി കെ.രാധാകൃഷ്‌ണൻ മാത്രമാണ്. കക്ഷിയെ ഒരു വിധത്തിലാണ് നാടുകടത്തിയതെന്നാണു കേൾവി. അതുകൊണ്ട് പാർട്ടിക്കോ അതറിയാവുന്ന രാധാകൃഷ്ണനോ പ്രശ്നമില്ലതാനും.
നൂറു സീറ്റിന്റെ കണക്കു വിടാം. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽപോലും യുഡിഎഫ് എങ്ങാനും അധികാരത്തിൽ വന്നാലുള്ള അവസ്ഥ സങ്കൽപിക്കുക. കോൺഗ്രസിൽ മന്ത്രിയാവാനും മുഖ്യമന്ത്രിയാവാനുംപോലും തലപ്പൊക്കമുള്ള ഘടാഘടിയന്മാരായ നേതാക്കളെല്ലാം എംപിമാരായി തുടരുന്നു എന്നും കരുതുക. തങ്ങൾ ബിജെപിയുടെ ആട്ടും തുപ്പും ഏറ്റും ഡൽഹിയിലെ ചൂടും തണുപ്പും സഹിച്ചും എന്തിനെന്നറിയാതെ കാലം കഴിക്കുമ്പോൾ ഇങ്ങു മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത മലയാളനാട്ടിൽ തങ്ങളുടെ പല ജൂനിയർമാരും മന്ത്രിമാരായി വിലസിയാൽ അവർ എങ്ങനെ സഹിക്കും? ആ വല്ലായ്‌മ ശരിക്കറിയണമെങ്കിൽ ജോസ് കെ.മാണിയോടു ചോദിച്ചാൽ മതി. കാര്യം പാർട്ടി ചെയർമാനും രാജ്യസഭാ എംപിയുമൊക്കെയാണ്. പക്ഷേ, പൈലറ്റും എസ്കോർട്ടുമായി മന്ത്രിയുടെ കൊടിവച്ച കാറിൽ റോഷി അഗസ്‌റ്റിൻ കേരളത്തിലൂടെ തെക്കുവടക്കു പാഞ്ഞുനടക്കുന്നതു കണ്ടാൽ ജോസ്മോനോടു സ്നേഹമുള്ള ആരും കരഞ്ഞുപോകും. ലോട്ടറിയുടെ ബംപർ സമ്മാനം കിട്ടാത്തവനെ സമാധാനിപ്പിക്കാനെന്ന പേരിലാണ് സമാശ്വാസ സമ്മാനം. പക്ഷേ, ആയുഷ്‌കാലത്തു കിട്ടില്ല ആശ്വാസവും സമാധാനവും തരിമ്പിനുപോലും.
പാർട്ടി കോൺഗ്രസ്, കോൺഗ്രസ് പാർട്ടി
ഒന്നോർത്താൽ സ്വാതന്ത്ര്യദിനത്തിൽ കൊച്ചി ഏലൂരിൽ സിപിഎം ബ്രാഞ്ച് ഓഫിസിൽ സഖാക്കൾ ദേശീയപതാകയ്ക്കു പകരം കോൺഗ്രസിന്റെ കൊടിയുയർത്തിയത് വലിയ പാതകമായി കാണേണ്ടതില്ല. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയെന്നുപോലും ആദ്യം സിപിഎം അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് ദേശീയപതാകയുമായി വലിയ ബന്ധമുണ്ടാവണമെന്നു ശഠിക്കുന്നതു മര്യാദയല്ല. പാർട്ടി ലോക്കൽ കമ്മിറ്റി അംഗം വീട്ടിൽ സൂക്ഷിച്ച പതാക മാറിപ്പോയതാണത്രേ. കോൺഗ്രസ് പതാക എന്തിനായിരിക്കും സഖാവ് സൂക്ഷിച്ചത് എന്നതു പൊതുജനത്തിന് ഇനിയും പിടികിട്ടിയിട്ടില്ല. പുറത്തുപറയാൻ പറ്റാത്ത എന്തെങ്കിലും അത്യാവശ്യത്തിന് ഉപയോഗിക്കാൻ വച്ചതാവും.
കണ്ണൂരിൽ സിപിഎമ്മിനെ പിന്തുണയ്ക്കുന്ന രാജീവ്ജി കൾചറൽ ഫോറത്തിന്റെ കൊടിമരം കോൺഗ്രസിന്റേതെന്നു കരുതി എസ്എഫ്ഐക്കാർ പിഴുതുകളഞ്ഞിട്ട് അധികനാളായിട്ടില്ല. ഒരു മണ്ടത്തരത്തിനു മറ്റൊരു മണ്ടത്തരംകൊണ്ട് പ്രായശ്ചിത്തം ചെയ്യാൻ ചരിത്രപരമായ അവസരം എപ്പോഴും കിട്ടിയെന്നു വരില്ല.
സ്‌റ്റോപ് പ്രസ്
വെറ്ററിനറി സർവകലാശാല ദേശീയപാതയ്ക്കായി വിട്ടുകൊടുത്ത ഏഴേക്കർ ഭൂമിയുടെ വിലയിൽനിന്ന് 11 കോടി രൂപ നിത്യച്ചെലവിനായി വക മാറ്റി.ഒരു തെറ്റുമില്ല. കാണം വിറ്റും ഓണം ഉണ്ണുന്നതാണ് പണ്ടേ നാട്ടുനടപ്പ് English Summary:
Aazhchakurippukal : Political Ethics in Kerala is facing scrutiny due to allegations against politicians. This article explores the complexities of resignation demands and the application of ethical standards within political parties. |