deltin33 • 2025-10-28 09:06:27 • views 1012
കൊച്ചി ∙ വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്നതിനുള്ള യൂസർ ഫീ പ്രതിമാസം 200 രൂപയാക്കി വർധിപ്പിക്കുന്നതു കോർപറേഷൻ പരിഗണനയിൽ. ഏഴിനു ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം യൂസർ ഫീ വർധന പരിഗണിക്കും. നിലവിൽ 150 രൂപയാണു വീടുകളിൽ നിന്നു യൂസർ ഫീസായി ഹരിത കർമ സേന പിരിക്കുന്നത്. യൂസർ ഫീ പ്രതിമാസം 250 രൂപയായി വർധിപ്പിക്കണമെന്നു മാലിന്യ ശേഖരണ തൊഴിലാളികളുടെ അസോസിയേഷൻ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു.
അസോസിയേഷനുകളുമായി ആരോഗ്യ സ്ഥിരസമിതി നടത്തിയ ചർച്ചയിൽ യൂസർ ഫീ 50 രൂപ വർധിപ്പിക്കാൻ ശുപാർശ ചെയ്യാൻ ധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണു യൂസർ ഫീ 200 രൂപയാക്കി വർധിപ്പിക്കുന്നതു പരിഗണിക്കാൻ സ്ഥിര സമിതി കൗൺസിലിലേക്കു ശുപാർശ ചെയ്തത്. ഹരിതകർമ സേനയുടെ പ്രവർത്തനത്തിനുള്ള നിയമാവലി പ്രകാരം പ്രതിമാസം 150 രൂപ മാത്രമേ വീടുകളിൽ നിന്നു യൂസർ ഫീസായി ഈടാക്കാൻ കഴിയുകയുള്ളൂ.
അതിനാൽ യൂസർ ഫീയിൽ വർധന വരുത്തണമെങ്കിൽ നിയമാവലി ഭേദഗതി ചെയ്യുകയും അതു സംസ്ഥാന സർക്കാർ അംഗീകരിച്ചു ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും വേണം. ഇക്കാര്യമാണ് ഏഴിനു ചേരുന്ന കൗൺസിൽ പരിഗണിക്കുക.യൂസർ ഫീ വർധിപ്പിക്കണമെന്നതു മാലിന്യ ശേഖരണ തൊഴിലാളികളുടെ ഏറെ നാളായുള്ള ആവശ്യമാണെന്ന് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് പറഞ്ഞു. യൂസർ ഫീ വർധനയുടെ കാര്യത്തിൽ കൗൺസിലാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. English Summary:
User fee increase is under consideration by the Kochi Corporation for household waste collection, potentially raising it to ₹200 per month. The decision will be discussed at the upcoming council meeting, addressing demands from waste collection workers and requiring regulatory amendments. This adjustment aims to support the Haritha Karma Sena and improve waste management services in Kochi. |
|