ന്യൂയോർക്ക് ∙ വെള്ളിയാഴ്ച രാത്രി ന്യൂയോർക്കിൽ അന്തരിച്ച ജയിംസ് ഡി.വാട്സൻ (97) ജീവശാസ്ത്രത്തിൽ സ്വന്തമായ ഒരേട് കൂട്ടിച്ചേർത്ത പ്രതിഭാധനനായിരുന്നു. ഫ്രാൻസിസ് കിർക്കിനൊപ്പം 1953 ൽ ഡിഎൻഎയുടെ ഇരട്ടപ്പിരിയൻ ഗോവണിഘടന കണ്ടെത്തിയതോടെ ജനിതകപഠനത്തിനു വൻകുതിപ്പാണു വാട്സൻ നൽകിയത്. 1928 ൽ യുഎസിലെ ഷിക്കാഗോയിൽ ജനിച്ച വാട്സന്റെ ജീവിതത്തിൽ എല്ലാം നേരത്തെയായിരുന്നു. 22–ാം വയസ്സിൽ പിഎച്ച്ഡി പൂർത്തിയാക്കി. 24 വയസ്സുള്ളപ്പോൾ ഡിഎൻഎ ഘടന കണ്ടെത്തി. 33 വയസ്സുള്ളപ്പോൾ ആ കണ്ടെത്തലിനു വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചു.
വാട്സൻ കണ്ടെത്തിയ ജനിതകവ്യവസ്ഥയുടെ ഘടന ബയോടെക്നോളജി, ജനറ്റിക് എൻജിനീയറിങ് തുടങ്ങി അനേകം സാങ്കേതികമേഖലകളുടെ അടിസ്ഥാനമായതിനു പുറമേ ശാസ്ത്രത്തിന്റെ ഏറ്റവും പരിചിതമായ ചിഹ്നവുമായി. പൊതുജനങ്ങൾക്കുപോലും ഈ ഘടന പരിചിതമാണ്. വിഖ്യാത ചിത്രകാരൻ സാൽവഡോർ ഡാലി തന്റെ ചിത്രങ്ങളിൽ ഇതുപയോഗിച്ചു. ജൈവതന്മാത്രാ പഠനം, കാൻസർ പ്രതിരോധത്തിനുള്ള ഗവേഷണം എന്നിവയിലും വാട്സൻ മികച്ച സംഭാവനകൾ നൽകി.
അധികപ്രസംഗിയെന്നു പലരും വിശേഷിപ്പിച്ചയാളാണു വാട്സൻ. വംശീയമായ പരാമർശങ്ങൾക്കു പുറമേ അമിതവണ്ണമുള്ളവരെയും സ്വവർഗാനുരാഗികളെക്കുറിച്ചുമൊക്കെ വിദ്വേഷകരമായ പരാമർശങ്ങൾ അദ്ദേഹം നടത്തിയെന്ന് ആരോപണമുണ്ട്. മനുഷ്യ ജനിതകവ്യവസ്ഥയുടെ സമഗ്രപഠനമായ ഹ്യുമൻ ജീനോം പദ്ധതിയുടെ നേതൃസ്ഥാനങ്ങളിലൊന്നിൽ അദ്ദേഹമുണ്ടായിരുന്നെങ്കിലും 2 വർഷത്തിനുശേഷം പടിയിറങ്ങി. പദ്ധതിയുടെ ഡയറക്ടർ പേറ്റന്റുകൾക്കു പിന്നാലെ പോകുന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഹ്യുമൻ ജീനോം പദ്ധതി എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണെന്നും പേറ്റന്റുകൾ വഴി അതു സ്വകാര്യസ്വത്താക്കരുതെന്നും വാട്സൻ വാദിച്ചു.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
1968 ൽ ഡബിൾ ഹെലിക്സ് എന്ന ഓർമക്കുറിപ്പ് വാട്സൻ പുറത്തിറക്കി. ശാസ്ത്രനേട്ടങ്ങളുണ്ടാക്കാനായി വലിയ പ്രശ്നങ്ങളിലേക്ക് കടക്കാൻ ഒരു ശാസ്ത്രജ്ഞൻ തയാറായിരിക്കണം. ശാസ്ത്രജ്ഞരിൽ നല്ലൊരു ശതമാനവും വിഡ്ഢികളാണ്. ശാസ്ത്രത്തിൽ വിജയമുണ്ടാക്കാൻ വിഡ്ഢികളെ അകറ്റി നിർത്തണം– ആ ഓർമക്കുറിപ്പിൽ അദ്ദേഹം കുറിച്ചു. തോന്നുന്നത് വിളിച്ചുപറയുന്ന ഈ ശൈലി പല ശാസ്ത്രജ്ഞരെയും അകറ്റി.
സഹപ്രവർത്തകർക്ക് ദിനോസർ, ഹിറ്റ്ലർ തുടങ്ങി പലവിശേഷണങ്ങളും കൊടുക്കാൻ അദ്ദേഹത്തിനു യാതൊരു മടിയുമുണ്ടായിരുന്നില്ല. എന്നാൽ, അവസാനകാലത്ത് ഇത്തരം പരാമർശങ്ങളിൽ വാട്സൻ ഖേദം പ്രകടിപ്പിച്ചിരുന്നെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നൽകുന്ന വിവരം. എലിസബത്ത് ല്യൂയിസാണ് ഭാര്യ. 2 മക്കളുണ്ട്.
ഓർമകളിൽ രാജീവ് ഗാന്ധി സെന്റർ
തിരുവനന്തപുരം ∙ ജയിംസ് ഡി.വാട്സന്റെ ഓർമകൾ പൂജപ്പുര രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഇന്നും നിറംമങ്ങാതെയുണ്ട്. വാട്സൻ 1999 ൽ തിരുവനന്തപുരം സന്ദർശിച്ചിരുന്നു. സെന്ററിന്റെ ഡയറക്ടറായിരുന്ന ഡോ. എം.ആർ.ദാസിനു വാട്സനുമായുണ്ടായിരുന്ന സൗഹൃദമാണ് സന്ദർശനത്തിനു വഴിയൊരുക്കിയത്.സെന്ററിന്റെയും ശ്രീചിത്ര മെഡിക്കൽ സെന്ററിന്റെയും നേതൃത്വത്തിൽ ശ്രീചിത്രയിൽ സംഘടിപ്പിച്ച ചടങ്ങിൽ ‘ഹ്യൂമൻ ജീനോം പ്രോജക്ടി’നെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള പഠനഫലങ്ങൾ ദുരുപയോഗപ്പെടുത്തിയേക്കാമെന്ന ആശങ്ക അദ്ദേഹം അന്നു പങ്കുവച്ചു. സെന്റർ ഡയറക്ടർ ഡോ. ടി.ആർ.സന്തോഷ് കുമാർ അനുശോചിച്ചു English Summary:
James D. Watson: The Nobel Laureate Who Unraveled DNA\“s Secret