search

തലമുറകളുടെ സാക്ഷ്യം; ഒ.വി. വിജയനും കൽപാത്തി സമരവും തമ്മിലെന്ത്? സമരത്തിന്റെ ശതാബ്ദിവേളയിൽ ഒരു ചരിത്രാന്വേഷണം

Chikheang 1 hour(s) ago views 703
  



അയാൾ പതറിയില്ല. പാത നീളുന്നത് കൽപാത്തിയിലെ ക്ഷേത്രത്തിലേക്കാണ്. യുക്തിവാദിയും ദേവജാഡ്യവും പരസ്പരം നേരിട്ടു. മുളവടികൾ മുതുകത്തു വീഴുന്നതും തല നീറുന്നതും മറ്റേതോ വിതാനത്തിൽ അകപ്പെട്ടവനെപ്പോലെ, സന്നിപാതത്തിലെന്നപോലെ, ചാമിയാരപ്പൻ അറിഞ്ഞു. പിന്നെ ഒന്നും അറിഞ്ഞില്ല.ആൾക്കൂട്ടം നിന്നു. ആരൊക്കെയോ എന്തൊക്കെയോ വിളിച്ചു പറയുന്നു. ചാമിയാരപ്പന്റെ കൂടെയുള്ള മറ്റ് സത്യഗ്രഹികളും അവിടവിടെ വീണു കിടന്നു.

(തലമുറകൾ, 1997, ഒ.വി.വിജയൻ)

ചാമിയാരപ്പൻ ചോരവാർന്നു വീണു കിടന്നത് ഒ.വി.വിജയന്റെ ഭാവനയിലല്ല, രഥോത്സവത്തിനു പേരുകേട്ട പാലക്കാട്ടെ കൽപാത്തിയുടെ യഥാർഥ ചരിത്രത്തിലാണ്. ജീവനുണ്ടെന്നു തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ഡോ.കൃഷ്ണന്റെ ആശുപത്രിയിലെത്തിച്ചത് അതുവഴി വന്ന നല്ലവനായ ഓറഞ്ച് വിൽപനക്കാരനും. ആശുപത്രിക്കിടക്കയിൽ മൂന്നാംദിവസം കണ്ണു തുറന്നപ്പോൾ, തോമസ് എന്ന പുതിയ പേരു സ്വീകരിച്ച് സ്വയം മാമോദീസ മുങ്ങിയ ആ ചാമിയാരപ്പൻ മറ്റാരുമല്ല, വിജയന്റെ സ്വന്തം മുത്തച്ഛൻ.  ‘തലമുറകൾ’ നോവലിന്റെ തുടക്കത്തിൽ ഒറ്റവരി സമർപ്പണത്തിൽ വിജയൻ കുറിച്ചതുപോലെ ‘വലിയ ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടുത്തിയ, അത് ഒരു ശീലമാക്കിയ, മുത്തച്ഛൻ’. പൊന്മുടിക്കാരണവരായ ചാമിയാരപ്പനായി വിജയൻ അദ്ദേഹത്തെ നോവലിൽ കുടിയിരുത്തുകയായിരുന്നു.

  • Also Read മഴ പെയ്യിച്ച യന്ത്രം! സത്യമോ മിഥ്യയോ?   


അറിയപ്പെടാത്ത പോരാട്ടങ്ങൾ


​അവർണർക്കു വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു പാലക്കാട് കൽപാത്തി ക്ഷേത്രനിരത്തുകളിൽ നടന്ന സമരങ്ങൾ. ഇതിൽ ചരിത്രപ്രസിദ്ധമായിത്തീർന്നത് പണ്ഡിറ്റ് വേദബന്ധു ശർമ (1901–1995) നേതൃത്വം നൽകിയ 1925ലെ ആര്യസമാജ മുന്നേറ്റമാണ്. എന്നാൽ, അതിനും ഒരു വർഷം മുൻപ്, 1924ൽ, മറ്റൊരു സമരം ആ പാതകളെ പിടിച്ചു കുലുക്കിയിരുന്നു.

ഈഴവമുന്നേറ്റമായി രൂപമെടുത്ത അന്നത്തെ സത്യഗ്രഹത്തിന്റെ നായകരിലൊരാളായിരുന്നു വിജയന്റെ അമ്മയുടെ അച്ഛനായ വിളയൻചാത്തന്നൂർ സ്വദേശി ടി.കെ.ചാമി. അദ്ദേഹം പങ്കെടുത്ത 1924ലെ സമരത്തെപ്പറ്റി വിലപ്പെട്ട അറിവു തരുന്നു അക്കാലത്ത് മലയാള മനോരമ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ. പൊതുനിരത്തുകളിൽ എല്ലാ ജാതിക്കാർക്കും സഞ്ചാരസ്വാതന്ത്ര്യം വേണമെന്ന തീരുമാനത്തിന് മദ്രാസ് നിയമനിർമാണസഭ അംഗീകാരം നൽകിയതിനു പിന്നാലെയാണ് അഭിഭാഷകനായ എം.പി.രാഘവന്റെയും മറ്റും നേതൃത്വത്തിൽ, 1924 നവംബർ 13 ന് എൺപതിലധികം ഈഴവർ കൽപാത്തി തെരുവിൽ പ്രവേശിച്ചത്. വിശ്വനാഥസ്വാമി ക്ഷേത്രത്തിനു മുമ്പിൽനിന്നു നമസ്കരിച്ച സമരക്കാർക്ക് ക്രൂരമായ മർദനമേറ്റു.
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഈ സംഭവത്തിന്റെ രണ്ടു റിപ്പോർട്ടുകൾ നവംബർ 18നും 20നുമായി മനോരമ പ്രസിദ്ധീകരിച്ചു. രണ്ടു തീയന്മാർ കഠിനമായ പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുകയാണെന്ന് നവംബർ 20ലെ റിപ്പോർട്ടിൽ പറയുന്നു. കൽപാത്തി രഥോത്സവത്തിന്റെ പ്രാരംഭം ഇങ്ങനെ കശപിശയായിക്കഴിഞ്ഞതിനാൽ അന്നു ‘തേർ’ ഉണ്ടായില്ല എന്നുമുണ്ട് വാർത്തയിൽ.

ടി.കെ.ചാമിയെപ്പറ്റി  ഇ.കെ. ചാമി

​1924 ലെ സമരത്തിന്റെ ആധികാരിക വിവരങ്ങൾ അന്നു മുൻനിരയിലുണ്ടായിരുന്ന ഈഴവനേതാവ് ഇ.കെ.ചാമിയുടെ ‘പാലക്കാടിന്റെ സാമൂഹികചരിത്രം’  എന്ന പുസ്തകത്തിലുണ്ട്. എല്ലാ ജാതിക്കാർക്കും പ്രവേശിക്കാമെന്ന ഗവൺമെന്റ് ഉത്തരവനുസരിച്ചാണു വന്നതെന്നു പറഞ്ഞ ഈഴവരെ ആക്രമിക്കുകയായിരുന്നെന്ന്  ഇ.കെ.ചാമി രേഖപ്പെടുത്തുന്നു–‘ പരുക്കേറ്റത് തച്ചമൂച്ചിക്കൽ ടി.കെ. ചാമി, മിസ്റ്റർ ദാമോദരൻ, മിസ്റ്റർ പത്മനാഭൻ ഇവർക്കാണ്’.

​1936ൽ എഴുതപ്പെട്ട ഈ പുസ്തകത്തിൽ പരാമർശിക്കുന്ന ടി.കെ.ചാമി വിജയന്റെ മുത്തച്ഛനാണ്. മറ്റൊരധ്യായത്തിലും ടി.കെ.ചാമിയെപ്പറ്റി പരാമർശമുണ്ട്. ഇതേ പുസ്തകത്തിൽ ചാമിയുടെ മതംമാറ്റത്തെപ്പറ്റിയും പരാമർശമുണ്ട്– ‘ഈഴവരും പഞ്ചമരും എന്ന ഈ അധ്യായത്തിൽ മിസ്റ്റർ ടി.കെ. തോമസിനെ രേഖപ്പെടുത്താതിരിപ്പാൻ നിവൃത്തിയില്ല. ഇദ്ദേഹം 1925 കൊല്ലത്തിനു മുൻപ് തന്റെ അപരനാമമായ ടി.കെ.ചാമി എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഉണർവുള്ള ഈഴവസമുദായ പ്രവർത്തകനായിരുന്നു. 1917 മുതൽ 1925 വരെയുള്ള കാലഘട്ടത്തിൽ ഈഴവസമുദായത്തിലും പഞ്ചമരുടെ മധ്യേയും മറ്റുമുള്ള സമുദായപ്രവർത്തകരോടൊപ്പം ഊർജിതമായ പ്രചാരവേല ചെയ്തിരുന്നു. അന്ധവിശ്വാസവും യാഥാസ്ഥിതികത്വവും വച്ചുവളർത്തി  സാധുസമുദായക്കാരെ വഞ്ചിച്ചു മർദിക്കുന്ന അനാചാരങ്ങളും അനീതികളും നിഷ്കാസനം ചെയ്ത് മുന്നോട്ടുപോകുവാൻ ഈഴവയുവജനങ്ങളെ ഇദ്ദേഹം പ്രേരിപ്പിച്ചു’.

അത് വിജയന്റെ മുത്തച്ഛൻ

കൽപാത്തി സമരത്തിലെ ചാമി, വിജയന്റെ മുത്തച്ഛനാണെന്ന വിവരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് നേതാവും എംഎൽഎയുമായിരുന്ന ആലത്തൂർ ആർ.കൃഷ്ണൻ. ‘വീഴുമലയുടെ താഴ്‌വരയിൽനിന്ന് (1993) എന്ന ആത്മകഥയിലാണ് 1924ലെ കൽപാത്തി സമരചരിത്രമുള്ളത്–‘ ഈ സംഭവത്തിനുശേഷം കിട്ടയും മാധവനും മറ്റു ചിലരും മതം മാറി. വിളയഞ്ചാത്തങ്കർ ചാമി ക്രിസ്തുമതത്തിൽ ചേർന്ന് തോമസ് എന്ന പേര് സ്വീകരിച്ചു (പ്രശസ്ത നോവലിസ്റ്റ് ഒ.വി. വിജയന്റെ മുത്തച്ഛനാണദ്ദേഹം )’.

​ഡൽഹിക്കാലത്ത് വിജയന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്ന മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ള രചിച്ച ‘കേരള നവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം’ എന്ന പുസ്തകത്തിലെ ‘കൽപാത്തി മുതൽ ശുചീന്ദ്രം വരെ’ എന്ന അധ്യായത്തിലും ടി.കെ.ചാമിയെക്കുറിച്ച് പരാമർശമുണ്ട്–‘ സുപ്രസിദ്ധ സാഹിത്യകാരനും ഹാസ്യചിത്രകാരനും ആയ ഒ.വി.വിജയന്റെ മുത്തച്ഛൻ വിളയഞ്ചാന്തങ്കർ ചാമി സമരത്തിൽ പങ്കെടുത്ത് മർദനമേറ്റതിനെത്തുടർന്ന് മതംമാറി തോമസ് എന്ന പേര് സ്വീകരിച്ചു’.

ചാമിയുടെ മതംമാറ്റം ‘തലമുറകൾ’ നോവലിൽ വിജയൻ ചിത്രീകരിച്ചിട്ടുണ്ട്. ‘തിയഡോർ’ എന്ന പേരാണ് അദ്ദേഹം മുത്തച്ഛനു സമ്മാനിച്ചത്. ‘ഇരുട്ട് തിരിച്ചു വരുന്നു. അതിലേക്കു വീണ്ടും അടങ്ങുന്നതിനു മുൻപ്, പ്രജ്ഞയുടെ ഇടവേളയിൽ ചാമിയാരപ്പൻ മാനവരാശിയോടത്രയുമായി വിളിച്ചു പറഞ്ഞു, ‘ഞാൻ ഹിന്ദുവല്ല, ഐ ആം തിയഡോർ’. (തലമുറകൾ)

കഥാമയം ഒരു കുറിപ്പ്

​മരിക്കുന്നതിനു 8 വർഷം മുൻപ് പ്രസിദ്ധീകരിച്ച അവസാനത്തെ നോവലായ ‘തലമുറകൾ’ക്ക് സ്വന്തം കുടുംബകഥയുടെ ഛായയുണ്ടെന്ന് വിജയൻ ആമുഖമായി തുറന്നു പറഞ്ഞിരുന്നില്ല. പകരം, കൗതുകമുള്ള ഒരു കുറിപ്പു മാത്രം ചേർത്തു–‘ ഒരു കുടുംബപരമ്പരയുടെ കഥയാകകൊണ്ട്, സാങ്കൽപികമെന്നിരിക്കിലും, ഏതെങ്കിലും മനുഷ്യരുടെ അനുഭവവുമായി ഈ കഥാഗതിക്കു സാമ്യങ്ങളുണ്ടായെന്നു വരും.

അതിനെ കണക്കാക്കാതെ കഥയെ കഥയായി മാത്രം കാണാൻ ഞാൻ എന്റെ പ്രിയപ്പെട്ട വായനക്കാരോട് അപേക്ഷിക്കുന്നു’.​ചാമിയാരപ്പൻ എന്ന കഥാപാത്രത്തിന്റെ മാതൃക നോവലിസ്റ്റിന്റെ മുത്തച്ഛൻ തന്നെയാണെന്ന വസ്തുതയിൽ ശ്രദ്ധ പതിയാതെപോയ വായനക്കാർ കഥയെ കഥയായി മാത്രം കണ്ടു. ചാമിയാരപ്പനും കൽപാത്തിയിൽ നടന്ന 1924ലെ സമരവും ചരിത്രസംഭവങ്ങളായി തിരിച്ചറിയപ്പെടാതെ അങ്ങനെ കഥയിലൊതുങ്ങി.

​വിജയന്റെ സഹോദരി എഴുത്തുകാരി ഒ.വി. ഉഷയുടെ ബാല്യസ്മരണകളിലും നിറഞ്ഞുനിൽക്കുന്നുണ്ട് ചാമിയെന്ന മുത്തച്ഛൻ. ‘പഴയ തറവാട്ടുകാരായിരുന്നു അമ്മയുടെ കുടുംബം. എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ എന്നെയും മുത്തച്ഛനെയും കൂട്ടി ഏട്ടൻ ഫോട്ടോ എടുത്തിട്ടുണ്ട്’– ഒ.വി.ഉഷ ഓർമകൾ പങ്കുവച്ചു.  

മുത്തച്ഛന്റേത് വലിയ സങ്കടം നിറഞ്ഞ അന്ത്യമായിരുന്നെന്ന് കവി പ്രഭാവർമയുമായി ഒരിക്കൽ നടത്തിയ സംഭാഷണത്തിൽ വിജയൻ ഓർമിച്ചിട്ടുണ്ട്. വിശ്വാസങ്ങളൊക്കെ തകർന്നടിയുന്നതു കണ്ടും വസ്തുവകകൾ അന്യാധീനപ്പെട്ടു പോകുന്നതു കണ്ടും അദ്ദേഹം തകർന്നു. ഒടുവിൽ ഭ്രാന്തായി ചങ്ങലയിൽക്കിടന്നാണ് മരിച്ചതെന്നും വിജയൻ അന്നു വേദനയോടെ പങ്കുവച്ചു. English Summary:
O.V. Vijayan\“s Grandfather and the Kalpathy Agitation: A Centenary Inquiry
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277