search

നൂറുകണക്കിനു രോഗികൾ; ഒന്നോ രണ്ടോ ഡോക്ടർമാർ! മാറണം ഈ ‘സിസ്റ്റം’

Chikheang The day before yesterday 11:13 views 654
  

  

  

  

  



സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളജുകളിലെ സ്പെഷ്യൽറ്റി വിഭാഗങ്ങളിൽ പ്രതിദിനം 200 മുതൽ 300 വരെ രോഗികളാണെത്തുന്നത്. സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളിലാകട്ടെ 700 മുതൽ 800 വരെ രോഗികളും. ഇവരെ നോക്കാനുള്ളത് ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രം. അപ്പോൾ ഒരു രോഗിയെ പരിശോധിക്കാൻ ഡോക്ടർക്ക് എത്ര സമയം കിട്ടും? ഈ ചോദ്യത്തിൽത്തന്നെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയിൽ 30–35% മാത്രമാണു സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. എന്നിട്ടും സർക്കാർ മെഡിക്കൽ കോളജുകളിലെ അനിയന്ത്രിത തിരക്ക് നേരിടാനുള്ള സന്നാഹങ്ങൾ നമുക്കില്ല.

  • Also Read വോട്ടു ചോരിയിൽ രാജ്യത്തെ ആദ്യ അറസ്റ്റ്; അനധികൃതമായി വോട്ടർമാരെ നീക്കി, മൊബൈൽ കടയുടമ പിടിയിൽ   


പ്രാദേശികതലം മുതൽ ആരോഗ്യമേഖലയെ മെച്ചപ്പെടുത്താനുള്ള സമഗ്രപദ്ധതികൾ ആവിഷ്കരിക്കണമെന്നു മലയാള മനോരമ സംഘടിപ്പിച്ച വിദഗ്ധരുടെ ചർച്ച അഭിപ്രായപ്പെട്ടു. മലയാള മനോരമ പ്രസിദ്ധീകരിച്ച ‘ക്രിട്ടിക്കൽ കോളജ്’ വാർത്താ പരമ്പരയുടെ തുടർച്ചയായാണു മെഡിക്കൽ കോളജുകളും സംസ്ഥാനത്തെ ആരോഗ്യമേഖലയും നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനുള്ള മാർഗങ്ങൾ ആരാഞ്ഞ് പാനൽ ചർച്ച സംഘടിപ്പിച്ചത്.

  • Also Read എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്   


പങ്കെടുത്തവർ

∙ ഡോ. വി. രാമൻകുട്ടി, പൊതുജനാരോഗ്യ വിദഗ്ധൻ

∙ ബിജു പ്രഭാകർ, എൻആർഎച്ച്എം മുൻ ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ എംഡി

∙ ഡോ. ടി.റോസ്‌നാര ബീഗം, കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്

∙ ജി. പ്രമോദ് കുമാർ, യുഎൻഡിപി– ഏഷ്യ പസിഫിക് മുൻ ഉപദേഷ്ടാവ്
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ചർച്ചയിലെ നിർദേശങ്ങൾ

∙ പ്രധാന മെഡിക്കൽ കോളജുകൾക്കു സ്വയംഭരണം നൽകാനുള്ള സാധ്യതകൾ ആലോചിക്കണം. എല്ലാം തിരുവനന്തപുരത്തു തീരുമാനിക്കുന്ന രീതിക്കു മാറ്റം വേണം.

∙ മെഡിക്കൽ കോളജുകളിൽ കൂടുതൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണം. ഇതിന് ആവശ്യമെങ്കിൽ സേവന, വേതന വ്യവസ്ഥകളിൽ മാറ്റം വരുത്തണം.

∙ ഇല്ലാതാകുന്ന ഇടത്തരം സ്വകാര്യാശുപത്രികളെ ശക്തിപ്പെടുത്താൻ സർക്കാർ ഇടപെടണം. അതുവഴി മെഡിക്കൽ കോളജുകളിലെ തിരക്കു കുറയ്ക്കാനാകും.

∙ മെഡിക്കൽ കോളജുകൾ കൂടുതൽ മെച്ചപ്പെടുത്തി സ്വകാര്യ ഇൻഷുറൻസുള്ള വ്യക്തികൾക്കു ചികിത്സ നൽകാനുള്ള സൗകര്യമേർപ്പെടുത്തണം.

∙ മെഡിക്കൽ കോളജുകൾ കൃത്യമായ ഗവേഷണം നടക്കുന്ന കേന്ദ്രങ്ങളായി മാറണം. നിലവിൽ സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ അത്തരത്തിൽ പ്രവർത്തിക്കുന്നില്ല.

∙ ആരോഗ്യരംഗത്തെ സർക്കാർ ധനവിനിയോഗം വർധിപ്പിക്കണം. മൊത്തം ബജറ്റിന്റെ 10% ആരോഗ്യമേഖലയ്ക്കു നീക്കിവയ്ക്കണം.

∙ ഗുരുതരമല്ലാത്ത ആരോഗ്യപ്രശ്നങ്ങൾ മെഡിക്കൽ കോളജുകളിലേക്കു റഫർ ചെയ്യുന്ന രീതി അവസാനിപ്പിക്കണം.

∙ ആരോഗ്യമേഖലയിലെ അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾ കുറയ്ക്കണം.

വേണം, കൂടുതൽ വിഭവങ്ങൾ

ആവശ്യത്തിനു ഡോക്ടർമാരും പണവുമില്ലാത്തത് മെഡിക്കൽ കോളജുകൾ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം വർധിക്കാത്തതുമൂലം ജോലിഭാരം കനത്തതാണ്. അതുകൊണ്ടു തന്നെ മെഡിക്കൽ കോളജിലെ എൻട്രി കേഡറിൽ പുതുതായി ഡോക്ടർമാർ എത്തുന്നില്ല. ഡോക്ടർമാരുടെ നിയമനത്തിനായി മെഡിക്കൽ റിക്രൂട്മെന്റ് ബോർഡ് രൂപീകരിക്കണമെന്ന നിർദേശം സർക്കാർ പരിഗണിച്ചിട്ടില്ല.

റഫറൽ കേന്ദ്രമാകണം മെഡിക്കൽ കോളജ്

ചെറിയ രോഗത്തിനുപോലും ജനം മെഡിക്കൽ കോളജിലേക്കു വരുന്ന സാഹചര്യം ഒഴിവാക്കണം. മെ‍ഡിക്കൽ കോളജ് ആശുപത്രികൾക്കു താഴെയുള്ള ജില്ല/ ജനറൽ ആശുപത്രികളെ കൂടുതൽ രോഗികളെ ഉൾക്കൊള്ളാൻ കഴിയുന്ന തലത്തിൽ ശക്തിപ്പെടുത്തണം. അതുവഴി മെഡിക്കൽ കോളജുകളെ യഥാർഥ റഫറൽ കേന്ദ്രങ്ങളാക്കി മാറ്റാനാകും.

വേണം, സുസ്ഥിര ആരോഗ്യ മോഡൽ

നമ്മുടെ ആരോഗ്യമേഖല ഏറെ മെച്ചപ്പെട്ടതാണെങ്കിലും സ്വയംപര്യാപ്തമായ സുസ്ഥിര മോഡലിന്റെ അഭാവമുണ്ട്. ആധുനികചികിത്സയ്ക്കും ഉപകരണങ്ങൾക്കും ചെലവേറെയാണ്. അതിനുള്ള തുക എവിടെനിന്നു കണ്ടെത്തുമെന്നതു ചോദ്യമാണ്. ഇതിനു കൃത്യവും ആസൂത്രിതവുമായ പദ്ധതികൾ ആവശ്യമാണ്. സ്വകാര്യ പങ്കാളിത്തമുൾപ്പെടെ പ്രയോജനപ്പെടുത്തി ആരോഗ്യമേഖലയിൽ സ്വയം പര്യാപ്തമായ മോഡൽ വികസിപ്പിക്കാനാകണം.

നയങ്ങളിൽ മാറ്റം വരുത്തണം; മറ്റുള്ളവരിൽനിന്നു പഠിക്കണം

ഡോ. വി. രാമൻകുട്ടി

ആരോഗ്യമേഖലയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ നികുതിയിൽനിന്ന് ഹെൽത്ത് സെസ്, ഇൻഷുറൻസിനു പകരം സ്റ്റേറ്റ് ലെവൽ ഹെൽത്ത് ഫണ്ട് തുടങ്ങിയ നിർദേശങ്ങൾ പരിശോധിക്കാവുന്നതാണ്. എല്ലാ തീരുമാനങ്ങളും തിരുവനന്തപുരത്ത് എടുക്കുന്നതിനു പകരം അതതു മെഡിക്കൽ കോളജുകൾക്കു പണം ചെലവഴിക്കാൻ കഴിയുന്ന തരത്തിൽ അധികാരം വികേന്ദ്രീകരിക്കണം.   ഡോ. വി. രാമൻകുട്ടി

ആരോഗ്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന കാര്യത്തിൽ പല സംസ്ഥാനങ്ങളും നമുക്കു മുന്നിലാണ്. പക്ഷേ, അവരിൽനിന്നു നമ്മൾ പഠിക്കില്ല. വിപ്ലവം പ്രസംഗത്തിൽ മാത്രമാണ്. ‘സിസ്റ്റ’ത്തിൽ മാറ്റം വരുത്താൻ നമുക്കു താൽപര്യമില്ല. ദൈനംദിന കാര്യങ്ങൾ എങ്ങനെയെങ്കിലും തള്ളിക്കൊണ്ടു പോകുന്ന രീതിക്കു പകരം നയങ്ങളിൽ മാറ്റങ്ങൾ വരുത്തി ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്.

ഗവേഷണത്തിനും പഠനത്തിനും കൂടുതൽ സൗകര്യമൊരുക്കണം

ഡോ. ടി.റോസ്നാര ബീഗം

മെ‍ഡിക്കൽ കോളജുകളുടെ പ്രാഥമികലക്ഷ്യം അടുത്ത തലമുറയിലെ ഡോക്ടർമാരെ വാർത്തെടുക്കുകയെന്നതാണ്. എന്നാൽ, രോഗികളെ നോക്കിക്കഴിഞ്ഞ് മെഡിക്കൽ കോളജിലെ അധ്യാപകർക്കു ഗവേഷണത്തിനോ പഠിപ്പിക്കാനോ സമയമില്ല. ജനങ്ങൾക്കു വിദഗ്ധചികിത്സ നൽകുന്നതിനു മെഡിക്കൽ കോളജുകൾ വേണമെന്നില്ല. അതിനു സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രികൾ വികസിപ്പിച്ചാൽ മതി.   ഡോ. ടി.റോസ്നാര ബീഗം

രോഗികളുടെ തള്ളിക്കയറ്റം കാരണം ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു വേണ്ടത്ര ശ്രദ്ധ നൽകാനാകാത്ത സ്ഥിതി മെഡിക്കൽ കോളജുകളിലുണ്ട്. എല്ലാവരെയും മെഡിക്കൽ കോളജിലേക്കു റഫർ ചെയ്യുകയെന്ന രീതിക്കു മാറ്റം വരണം. ചെലവു കൂടുതലായതിനാൽ സ്വകാര്യ ആശുപത്രികളിൽ നിന്നു മെഡിക്കൽ കോളജിലേക്കു വരുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത്രയേറെ ജോലി ഭാരമുള്ളിടത്തു കുറഞ്ഞ വേതനത്തിനു തൊഴിലെടുക്കാൻ ഡോക്ടർമാരെ കിട്ടാത്ത സ്ഥിതിയുമുണ്ട്.

ബജറ്റ് ഹോസ്പിറ്റൽ വരട്ടെ; ഈവനിങ് ഒപികളും

ബിജു പ്രഭാകർ

നമ്മുടെ കുട്ടികൾക്ക് ഇവിടെത്തന്നെ മെഡിക്കൽ വിദ്യാഭ്യാസം നേടാൻ സൗകര്യമൊരുക്കാൻ വേണ്ടിയാണു പുതിയ മെഡിക്കൽ കോളജുകളുടെ പദ്ധതി 2011ൽ ആവിഷ്കരിച്ചത്. എന്നാൽ, പുതിയ മെഡിക്കൽ കോളജുകൾ അതിന്റെ ലക്ഷ്യം കണ്ടില്ല. കെഎംഎസ്‌‌സിഎലിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് തുടങ്ങാനുള്ള നിർദേശം ഇപ്പോഴും പരിഗണിക്കാവുന്നതാണ്.   ബിജു പ്രഭാകർ

ചെലവിന്റെ 50% രോഗികൾ വഹിക്കുന്ന തരത്തിൽ സ്പെഷ്യൽറ്റി സൗകര്യങ്ങളോടെയുള്ള ബജറ്റ് ഹോസ്പിറ്റലുകൾ, മെഡിക്കൽ കോളജുകളിൽ പണം ഈടാക്കി പ്രവർത്തിക്കുന്ന ഈവനിങ് ഒപികൾ എന്നിവ നടപ്പാക്കാവുന്നതാണ്. ആരോഗ്യവകുപ്പിൽനിന്നു വിരമിക്കുന്ന, പിജിയും സ്പെഷലൈസേഷനുമുള്ള ഡോക്ടർമാരിൽ താൽപര്യമുള്ളവരെ പ്രത്യേക സ്ട്രീമാക്കണം. 3 വർഷത്തെ റൂറൽ സർവീസ് നിർബന്ധമാക്കി അവരെ വിദൂരമേഖലകളിലുള്ള പുതിയ മെഡിക്കൽ കോളജുകളിൽ നിയോഗിക്കാം. അതുവഴി ഈ ആശുപത്രികളിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാം.

ആരോഗ്യമേഖലയ്ക്ക് ഈ തുക പോരാ

ജി. പ്രമോദ് കുമാർ

ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം കുറയ്ക്കാതെ മെഡിക്കൽ കോളജുകൾ നിലവിൽ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാകില്ല. അതിനു കൂടുതൽ വിശാല അർഥത്തിലുള്ള ഇടപെടലുകൾ വേണം. താഴെത്തട്ടിലെ ആശുപത്രികൾ ജനങ്ങൾക്കു ചികിത്സ തേടിയെത്താൻ തോന്നുന്ന തരത്തിൽ മെച്ചപ്പെടുത്തണം. എങ്കിൽ മാത്രമേ മെഡിക്കൽ കോളജിലേക്കുള്ള റഫറൽ സംവിധാനം ശരിയായി പ്രവർത്തിക്കൂ.   ജി. പ്രമോദ് കുമാർ

ആരോഗ്യവകുപ്പിൽ വിരലിലെണ്ണാവുന്ന സ്പെഷലിസ്റ്റ് ഡോക്ടർമാരേയുള്ളൂ. സംസ്ഥാനം ഇന്നു നേരിടുന്ന പ്രതിസന്ധി മറികടക്കണമെങ്കിൽ ഇതിന്റെ മൂന്നു മടങ്ങെങ്കിലും ഡോക്ടർമാർ വേണം. സ്വകാര്യമേഖലയിൽ വേതനം കൂടുതലായതിനാൽ ആരോഗ്യവകുപ്പിലേക്കു റിക്രൂട്മെന്റിനു വിദഗ്ധരായ സ്പെഷലിസ്റ്റുകളെ ലഭിക്കുന്നില്ല. ആരോഗ്യമേഖലയിൽ സംസ്ഥാനം ഇപ്പോൾ ചെലവാക്കുന്നതു ദേശീയ ശരാശരിക്കും താഴെയാണ്. അതിൽ മാറ്റമുണ്ടാകണം. English Summary:
critical college sereis part-4: Kerala Healthcare System faces significant challenges in its medical colleges, as highlighted by a recent Malayala Manorama discussion. Experts emphasize the need for comprehensive reforms, including strengthening primary healthcare and increasing specialist doctors to address the overwhelming patient load and improve overall healthcare delivery.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161259