ദീർഘകാലമായി ജനങ്ങളെ അനിശ്ചിതത്വത്തിലാക്കുകയും കേസുകളിൽ കുടുക്കുകയും ചെയ്തുപോന്ന കെ റെയിൽ പദ്ധതിയിൽ പ്രതീക്ഷ വച്ചിട്ടു കാര്യമില്ലെന്ന് ഒടുവിലിതാ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ഏറ്റുപറഞ്ഞിരിക്കുന്നു! ഈ പദ്ധതിയുടെ പേരിൽ ഇതിനകം നടന്ന അപഹാസ്യവും ക്രൂരവുമായ ജനവിരുദ്ധനാടകത്തിന്റെ ഏറ്റവുമൊടുവിലത്തെ രംഗമെന്നു പറയാവുന്ന ഈ ഏറ്റുപറച്ചിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വേളയിലായത് കാലത്തിന്റെ കാവ്യനീതിയെന്നു വായിച്ചെടുക്കുന്നവരുണ്ടാകും.
‘പദ്ധതി ഉപേക്ഷിച്ചുവെന്നല്ല അതിനർഥം; വേറെ വഴികൾ നോക്കേണ്ടിവരും’ എന്നുകൂടി മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിൽ, ഏറെ കൊട്ടിഘോഷിച്ച പദ്ധതിയെക്കുറിച്ച് ഇനിയും വീരവാദങ്ങളുണ്ടാവില്ലെന്നാണോ അർഥം? ഏറ്റവും വലിയ എതിർപ്പുയർന്ന ഘട്ടത്തിലും ‘സിൽവർലൈൻ വരും, കേട്ടോ’ എന്നാണു മുഖ്യമന്ത്രി ആവർത്തിച്ചിരുന്നതെന്ന് ഓർമിക്കേണ്ടതുണ്ട്. 2020 ജൂൺ 17നു കേന്ദ്ര സർക്കാരിനു സമർപ്പിച്ച സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) പ്രകാരം പദ്ധതി പൂർത്തിയാകേണ്ട സമയമായിട്ടും റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ വന്നതോടെ ഇനി മുന്നോട്ടുപോവാനാവില്ലെന്നു സർക്കാരിനു ബോധ്യമായിരുന്നു. എങ്കിലും പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിക്കാതെവച്ചതു തിരഞ്ഞെടുപ്പുകളെ മുൻനിർത്തിത്തന്നെയായിരുന്നു.
കേന്ദ്രവുമായി കൂടിയാലോചിച്ച് ഈ പദ്ധതി നടപ്പാക്കാനുള്ള ശ്രമം തുടരുമെന്നാണ് കഴിഞ്ഞ ബജറ്റ് പ്രസംഗങ്ങളിൽ പറഞ്ഞുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ഏറ്റുപറച്ചിലിന്റെ പശ്ചാത്തലത്തിൽ ഇനിയുമങ്ങനെ പറയാനാവില്ല. സ്വപ്നപദ്ധതിയെന്നു സർക്കാർ ആവർത്തിച്ചുപോന്നെങ്കിലും അതിനൊരു അടിസ്ഥാനവുമില്ലെന്നതാണു യാഥാർഥ്യം.
‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
MORE PREMIUM STORIES
സിൽവർലൈനിന്റെ ഡിപിആർ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അതിനെ ‘പദ്ധതി’യെന്നുപോലും പറയാനാവില്ലെന്നാണു കേന്ദ്രസർക്കാരിനുവേണ്ടി ഡപ്യൂട്ടി സോളിസിറ്റർ ജനറൽ 2022ൽ ഹൈക്കോടതിയിൽ അറിയിച്ചത്. പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന്റെ പേരിൽ എന്തിനാണ് അനാവശ്യ ചെലവുണ്ടാക്കിയതെന്ന് ആ വേളയിൽ ഹൈക്കോടതി ചോദിക്കുകയും ചെയ്തു.
ഈ പദ്ധതിക്കായി ഇതിനകം 51.26 കോടി രൂപ മുടക്കിയതായാണ് രേഖാമൂലം ലഭ്യമായ കണക്ക്. ജനത്തിന്റെ നികുതിപ്പണം ഇങ്ങനെ വെള്ളത്തിൽ കളഞ്ഞതിനു സർക്കാർ മറുപടി പറയേണ്ടിവരുമെന്നു തീർച്ച. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് 100 കോടി രൂപയുടെ മൂലധനത്തോടെ രൂപീകരിച്ച കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെ റെയിൽ) ഫണ്ടിൽനിന്നാണ് നല്ലൊരു പങ്കു തുകയും ചെലവഴിച്ചത്.
ലൊക്കേഷൻ സർവേ നടത്തി അതിരടയാളക്കല്ലുകൾ സ്ഥാപിക്കാൻമാത്രം ലക്ഷക്കണക്കിനു രൂപ ചെലവിട്ടു. ഈ മഞ്ഞക്കുറ്റികൾ സത്യത്തിൽ ഈ സർക്കാരിന്റെ ജനവിരുദ്ധതയുടെയും പാളിപ്പോയ തീരുമാനത്തിന്റെയും പ്രതീകം കൂടിയല്ലേ? പലയിടത്തായി ആയിരക്കണക്കിനു കുറ്റികളാണു സ്ഥാപിച്ചത്. പദ്ധതി ഉപേക്ഷിച്ചെന്ന പ്രഖ്യാപനം വരാതെ ഈ മഞ്ഞക്കുറ്റികൾ വിതച്ച ആശങ്ക മാറില്ല. ജനങ്ങളെ വലിച്ചിഴച്ചും ചവിട്ടിമെതിച്ചും ഇട്ട കല്ലുകൾ സർക്കാരിനു മറക്കാം. എന്നാൽ, ഇതിന്റെ പേരിൽ പൊലീസ് മർദനവും കേസും പിഴയുമടക്കം സഹിക്കേണ്ടിവന്ന ജനങ്ങൾക്ക് ആ ക്രൂരത മറക്കാനാവുമോ? ശാന്തമായി കഴിഞ്ഞുവന്ന എത്രയോ കുടുംബങ്ങൾ അനുഭവിച്ച പീഡനങ്ങൾക്ക് ആരു മറുപടി പറയും?
മഞ്ഞക്കുറ്റി സ്ഥാപിച്ച ഭൂമി ക്രയവിക്രയം ചെയ്യുന്നതിൽ ഇപ്പോഴും ആശങ്കകളുണ്ട്. സിൽവർലൈൻ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകളും നിലവിലുണ്ട്. ജനങ്ങളുടെമേൽ അനാവശ്യമായി ചുമത്തിയ കേസുകൾ റദ്ദാക്കാനും ഇതിന്റെ പേരിൽ നൂറുകണക്കിനു കുടുംബങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണാനുമുള്ള ബാധ്യത സർക്കാരിനുണ്ട്. കേന്ദ്രാനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കാനാവില്ലെന്നു പണ്ടേ അറിയാമായിരുന്നിട്ടും സ്വന്തം ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ മുതിർന്നതിനു സർക്കാർ ഉത്തരം പറഞ്ഞേതീരൂ. പദ്ധതിക്കു കേന്ദ്രാനുമതി ലഭിക്കുന്നതിനു മുൻപ് എന്തിനാണ് ഈ തിടുക്കമെന്നു ഭരണമുന്നണിയിൽപെട്ടവർപോലും അക്കാലത്തു സർക്കാരിനോടു ചോദിച്ചതാണ്.
പദ്ധതിയിൽ പ്രതീക്ഷയില്ലെന്ന് ഇപ്പോഴിങ്ങനെ മുഖ്യമന്ത്രി ലാഘവത്തോടെ പറഞ്ഞതുകൊണ്ടായില്ല. ഏറ്റവും അടിയന്തരമായി ചെയ്യേണ്ടത് പദ്ധതി പിൻവലിച്ചെന്നു കേരളത്തോടു പ്രഖ്യാപിക്കുകതന്നെയാണ്; ഇതിന്റെ പേരിൽ ജനങ്ങളെ ആവോളം കഷ്ടപ്പെടുത്തിയതിനു മറുപടി ഉണ്ടാവുകയും വേണം. എന്നിട്ട്, ജനവിരുദ്ധതയുടെ ആ മഞ്ഞക്കുറ്റികൾ എന്നെന്നേക്കുമായി പിഴുതെറിഞ്ഞ് നാട്ടുകാരുടെ ൈസ്വരജീവിതം ഉറപ്പാക്കണം. English Summary:
K-Rail\“s Demise: Why Pinarayi Vijayan\“s Admission Isn\“t Enough for Kerala