ഹരിപ്പാട്∙ ഗവ.താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായ രണ്ടു പേർ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നു ഗുരുതരമായ അനാസ്ഥ ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. മരിച്ച വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന് 29ന് രാവിലെ എട്ടോടെയാണു ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. അപ്പോൾ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 5 വരെ ഡോക്ടർമാർ പരിശോധിച്ചില്ലെന്നു ബന്ധുക്കൾ പറഞ്ഞു. ‘ഒരേ സമയം ഡയാലിസിസ് നടത്തുന്ന നാലു പേർക്ക് വിറയലും ഛർദിയും വന്നപ്പോൾ ആർഒ പ്ലാന്റിലെ വെള്ളത്തിന്റെ കുഴപ്പമാണെന്നു പറഞ്ഞ് ഡോക്ടർമാർ ജീവനക്കാരെ ശാസിച്ചു. രാമചന്ദ്രന്റെ രക്തത്തിൽ അണുബാധയുണ്ടായിരുന്നെന്നു ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും പറഞ്ഞു.’– രാമചന്ദ്രന്റെ ഭാര്യ അംബികയും മകൾ ആതിരയും പറഞ്ഞു.
‘വിറയലും ഛർദിയും വന്നതോടെ രാമചന്ദ്രൻ ഉൾപ്പെടെ 4 പേരെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. പക്ഷേ ഡോക്ടർമാർ ആരും നോക്കാൻ വന്നില്ല. വൈകിട്ട് ഞങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. മെഡിക്കൽ കോളജിൽ എത്തിയപ്പോൾ ഐസിയുവിൽ ഒഴിവില്ല.പിന്നാലെ മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.’–ബന്ധുക്കൾ പറഞ്ഞു.
സഹോദരിയുടെ വൃക്കയുമായി 10 വർഷം
ഹരിപ്പാട് പട്ടണത്തിലെ പച്ചക്കറി വ്യാപാരിയായ രാമചന്ദ്രന്റെ ശരീരത്തിലുണ്ടായിരുന്നത് സഹോദരി സുജാതയുടെ വൃക്ക. രാമചന്ദ്രന്റെ ഇരുവൃക്കകളും തകരാറിലായതിനെത്തുടർന്ന് 10 വർഷം മുൻപാണ് സഹോദരി വൃക്ക നൽകിയത്. എന്നാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പിഴവുകളുണ്ടായെന്നു ബന്ധുക്കൾ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും ആരോഗ്യപ്രശ്നങ്ങൾ മാറാതായതോടെ ഡയാലിസിസ് തുടങ്ങി. ആഴ്ചയിൽ 3 വട്ടമാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തി ഡയാലിസിസ് ചെയ്തിരുന്നത്.
ഓട്ടോ ഓടിച്ചെത്തി; ആംബുലൻസിൽ മടക്കം
കായംകുളം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ കണ്ണമ്പള്ളി ഭാഗം പുതുക്കാട്ട് വടക്കതിൽ അബ്ദുൽ മജീദ് സ്വന്തം ഓട്ടോ ഓടിച്ച് തനിച്ചാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് എത്താറുള്ളത്. വൃക്കരോഗബാധിതയായ ഭാര്യ മൂന്നു വർഷം മുൻപാണു മരിച്ചത്. 29നും സ്വന്തം ഓട്ടോയിലെത്തിയ മജീദിനെ ആംബുലൻസിലാണ് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. 30ന് രാത്രി മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
സമഗ്ര അന്വേഷണം നടത്തണം: കെ.സി
ആലപ്പുഴ ∙ഹരിപ്പാട്ടെ ഗവ.താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയരായ രോഗികളിൽ രണ്ട് പേർ ദിവസങ്ങൾക്കുള്ളിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തു നൽകി. അത്യന്തം ഗൗരവതരമായ വിഷയമാണിത്. ജല ഗുണനിലവാരം, ഉപകരണങ്ങൾ അണുവിമുക്തമാക്കൽ എന്നിവയിൽ ഗുരുതരമായ അലംഭാവം ഉണ്ടായോ എന്നു പരിശോധിക്കണം. ഉപയോഗിച്ച മരുന്നുകളും ഉപകരണങ്ങളും ജീവനക്കാരുടെ ജോലി വിശദാംശങ്ങളും സമഗ്രമായി അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശനനടപടി എടുക്കണമെന്നും കെ.സി. ആവശ്യപ്പെട്ടു.
ഡയാലിസിസിനിടെ ആരോഗ്യപ്രശ്നം ഉണ്ടായത് 6 പേർക്ക്
ഹരിപ്പാട് ∙ ഗവ.താലൂക്ക് ആശുപത്രിയിൽ 29ന് ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായത് 6 പേർക്ക്. രാവിലെ ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായ 4 പേരിൽ രണ്ടു പേരാണ് മരിച്ചത്. ഇതേ ദിവസം ഉച്ചയ്ക്കു ശേഷം ഡയാലിസിസ് നടത്തിയ 2 പേർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരിശോധനയിൽ കണ്ടെത്തി. ഒരേ സമയം 7 പേർക്കു ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. 29ന് രാവിലത്തെ ഷിഫ്റ്റിൽ ഡയലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയുമുണ്ടായ മൂന്നു പേരെയാണു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തത്. ഇതിൽ കായംകുളം പുതുക്കാട് വടക്കതിൽ മജീദിനെയും മറ്റൊരു രോഗിയെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ ഐസിയു ബെഡ് ഇല്ലാത്തതിനാൽ വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹവും മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ മജീദുമാണ് മരിച്ചത്. മജീദ് 30ന് രാത്രിയും രാമചന്ദ്രൻ ഇന്നലെ രാവിലെയും മരിച്ചു. മറ്റൊരാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. രണ്ടു ഷിഫ്റ്റുകളിലായി ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായ മറ്റു 3 പേർ അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. മരണത്തിനു കാരണം അണുബാധയാണ് എന്നാരോപിച്ച് രാമചന്ദ്രന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തി പരാതി നൽകി. രമേശ് ചെന്നിത്തല എംഎൽഎ മന്ത്രി വീണാ ജോർജിനു പരാതി നൽകിയതിനു പിന്നാലെ മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫിസർ അന്വേഷണം പ്രഖ്യാപിച്ചു. നഗരസഭാധ്യക്ഷ വൃന്ദ എസ്. കുമാറിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘവും താലൂക്ക് ആശുപത്രിയിലെത്തി നടപടി ആവശ്യപ്പെട്ടു.
ഡയാലിസിസ് യൂണിറ്റ് അടച്ചത് 15 ദിവസത്തേക്ക്
ഹരിപ്പാട്∙ ഗവ. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് 15 ദിവസത്തേക്ക് അടച്ചു. ഡയാലിസിസിനിടെ അണുബാധയുണ്ടായതാണു രണ്ടു പേരുടെ മരണകാരണമെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണു നടപടി. ഡയാലിസിസ് യൂണിറ്റിൽ ഉപയോഗിക്കുന്നത് ആശുപത്രിയിലെ ജലശുദ്ധീകരണ പ്ലാന്റിലെ (ആർഒ പ്ലാന്റ്) വെള്ളമാണ്. ഈ വെള്ളത്തിൽ നിന്നാകാം അണുബാധയെന്ന സംശയം മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ ഉന്നയിച്ചിരുന്നു. എന്നാൽ 29ന് രോഗികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനു പിന്നാലെ പ്ലാന്റിലെ വെള്ളം പരിശോധിച്ചെന്നും അണുബാധയില്ലെന്നു കണ്ടെത്തിയതായും സൂപ്രണ്ട് അരുൺ ജേക്കബ് ‘മനോരമ’യോടു പറഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് വിഭാഗം താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ച നിലയിൽ. ചിത്രം: മനോരമ
ജില്ലാ മെഡിക്കൽ ഓഫിസർ നിയോഗിച്ച അന്വേഷണസംഘം ഇന്നലെ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. ഡയാലിസിസിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ, ട്യൂബുകൾ എന്നിവ അണുവിമുക്തമാണെന്നു പരിശോധനയിൽ കണ്ടെത്തിയെന്നും വീണ്ടും വിദഗ്ധസംഘമെത്തി ഇവ പരിശോധിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. 15 ദിവസത്തേക്കാണ് ഡയാലിസിസ് യൂണിറ്റ് അടച്ചത്. അതുവരെ ഇവിടെയുള്ള രോഗികളെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് അയയ്ക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ഡയാലിസിസ് നടത്തിയ രോഗികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്നു നിരീക്ഷിക്കുന്നുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
ഡപ്യൂട്ടി ഡിഎംഒമാരായ ഡോ.എസ്.ആർ.ദിലീപ്കുമാർ, ഡോ.അനന്തു ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗസംഘത്തിലാണ് അന്വേഷണച്ചുമതല. ഇന്നലെ ഉച്ചയോടെ ആശുപത്രിയിലെത്തിയ അന്വേഷണസംഘം ഡയാലിസിസ് യൂണിറ്റിൽ പരിശോധന നടത്തി. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജമുന വർഗീസും മെഡിക്കൽ കോളജിലെ വൃക്കരോഗ വിഭാഗം ഡോക്ടർമാരും ആശുപത്രിയിലെത്തി പരിശോധന നടത്തി.
English Summary:
Dialysis deaths at Haripad hospital have sparked serious concerns regarding negligence. Two patients died after experiencing complications during dialysis at the Government Taluk Hospital in Haripad. An investigation is underway to determine the cause and address potential lapses in care. |
|