കൊച്ചി ∙ ഒരു വർഷത്തെ പാട്ടത്തിനെടുത്ത ഭൂമിയിൽ 80 ലക്ഷം രൂപ മുടക്കി നിർമിച്ച ഹോട്ടൽ ഒഴിയാനുള്ള ആവശ്യത്തെ തുടർന്ന് റോഡിൽ കിടന്ന് പ്രതിഷേധിച്ച് ഹോട്ടൽ ഉടമയും ഭാര്യയും. സീപോർട്ട്– എയർപോർട്ട് റോഡിൽ പോസ്റ്റ് ഓഫിസ് ജംക്ഷനു സമീപമുള്ള അരമന ഹോട്ടൽ തൃപ്പൂണിത്തുറ മുൻസിപ്പലിറ്റി റവന്യൂ ഇൻസ്പെക്ടറുടെ ഒത്താശയോടെ പൂട്ടാനായിരുന്നു ശ്രമം. റവന്യൂ ഇൻസ്പെക്ടർ ശിവപ്രസാദിനെ നഗരസഭാ സെക്രട്ടറി സസ്പെൻഡ് ചെയ്തു. ഹോട്ടലിലേക്കുള്ള വഴിയിൽ മണ്ണിറക്കിയും ഹോട്ടല്‍ പൊളിക്കാനും ശ്രമിച്ചതിനെ തുടർന്ന് ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഹോട്ടലുടമ അഭിലാഷും ഭാര്യ ടിന്റുവും.
ഇന്നു രാവിലെയാണ് അഭിലാഷും ഭാര്യയും ചേർന്ന് റോഡിൽ കിടന്ന് പ്രതിഷേധിച്ചത്. ഭൂമി വാടകയ്ക്കെടുത്ത് 80 ലക്ഷത്തോളം രൂപ ബാങ്ക് വായ്പ എടുത്താണ് ഹോട്ടല്‍ കെട്ടിടവും മറ്റും സജ്ജീകരിച്ച് വരാപ്പുഴ സ്വദേശികളായ ദമ്പതികൾ ഹോട്ടൽ ആരംഭിച്ചത്. 11 മാസത്തേക്കായിരുന്നു കരാർ. ഇത്രയും പണം മുടക്കിയ സാഹചര്യത്തിൽ കൂടുതൽ കാലം ഹോട്ടൽ നടത്തേണ്ടതുണ്ടെന്നും അതിനാൽ കരാർ കാലാവധി കൂടുതൽ നാളത്തേക്ക് വേണമെന്നും ദമ്പതികൾ ആവശ്യപ്പെട്ടെങ്കിലും കരാർ കഴിയുമ്പോൾ പുതുക്കി നല്‍കാം എന്നായിരുന്നു സംസ്ഥാനത്തിനു പുറത്തു താമസിക്കുന്ന ഭൂവുടമ അറിയിച്ചത്. തുടർന്ന് ഇവർ ഹോട്ടൽ നടത്തിവരികയായിരുന്നു. എന്നാൽ 11 മാസം കഴിഞ്ഞതോടെ സ്ഥലം ഒഴിയണമെന്ന് ഭൂവുടമ ആവശ്യപ്പെട്ടെന്ന് ഇവർ പറയുന്നു. കടം വീട്ടിത്തീരുന്നതു വരെയെങ്കിലും ഹോട്ടൽ നടത്താൻ അനുവദിക്കണമെന്നും ജൂൺ മാസത്തോടെ ഒഴിയാമെന്നും ഇവർ ഉടമയെ അറിയിച്ചിരുന്നു.
ഇതിനിടയിലാണ് കെട്ടിടത്തിന് നികുതി അടച്ചില്ല എന്ന നോട്ടീസ് ലഭിക്കുന്നത്. രണ്ടു മാസത്തെ കെട്ടിട നികുതിയായ 41,000 രൂപ കുടിശികയാണെന്നും അതിനാൽ ഹോട്ടൽ അടയ്ക്കാൻ പോവുകയാണെന്നുമാണ് റവന്യൂ അധികൃതർ പറഞ്ഞത്. ഭക്ഷണം ഉൾപ്പെടെ പാചകം ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ അടയ്ക്കരുതെന്നും ആവശ്യപ്പെട്ടിട്ടും ഹോട്ടൽ റവന്യൂ ഇൻസ്പെക്റുടെ നേതൃത്വത്തിൽ അടച്ചുപൂട്ടി. റവന്യൂ അധികൃതർക്ക് ഒപ്പം വന്ന് പണം അടയ്ക്കാൻ തയാറാണെന്ന് അറിയിച്ചെങ്കിലും പിറ്റേന്ന് വന്ന് അടയ്ക്കാൻ പറഞ്ഞ് റവന്യൂ ഇൻസ്പെക്ടർ പോവുകയായിരുന്നു. ഇന്നു രാവിലെ ഹോട്ടലിലെത്തിയ ദമ്പതികൾ കാണുന്നത് ഹോട്ടലിലേക്ക് വഴിയിൽ രണ്ടു ലോഡോളം മണ്ണ് ഇറക്കി വഴി അടച്ചിരിക്കുന്നതും ഹോട്ടലിന്റെ മേൽക്കൂര പല ഭാഗത്തും തകർത്തിരിക്കുന്നതുമാണ്. ഇതോടെ ഇവർ വഴിയിൽ കുത്തിയിരിക്കുകയായിരുന്നു. പിന്നാലെ സ്ഥലം കൗൺസിലർ രാജലക്ഷ്മിയും പ്രാദേശിക നേതാക്കളും പൊലീസും സ്ഥലത്തെത്തി. തൃപ്പൂണിത്തുറ മുൻസിപ്പല്‍ ചെയർമാൻ ബി.എൽ.ബാബു അന്വേഷണത്തിന് ഉത്തരവിട്ടു. മുൻസിപ്പൽ സെക്രട്ടറിയുടെ അറിവില്ലാതെയായിരുന്നു റവന്യൂ ഇൻസ്പെക്ടറുടെ നടപടി എന്നു ബോധ്യമായതോടെ ശിവപ്രസാദിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഹോട്ടൽ അടച്ചു പൂട്ടാനുള്ള ഉത്തരവും മരവിപ്പിച്ചിട്ടുണ്ട്. എന്നാൽ അറ്റകുറ്റപ്പണി തീർത്ത് ഇനി ഹോട്ടൽ എന്നു തുറക്കാൻ സാധിക്കുമെന്നറിയില്ല എന്ന് അഭിലാഷും ഭാര്യയും പറയുന്നു. English Summary:
Kochi hotel owner protest saw a couple lie on the road after facing eviction from the hotel they built for ₹80 lakh on leased land in Tripunithura. Following the incident, which involved the hotel being sealed over a tax dispute and subsequently damaged, a municipal Revenue Inspector was suspended.