മലയാളികളുടെ ഏറ്റവും വലിയ ഉത്സവവും ഉല്ലാസവുമാണ് തിരുവോണം. നമ്മൾ തിരുവനന്തപുരത്തുകാരെ സംബന്ധിച്ചിടത്തോളം മറ്റൊരു തിരുവോണമാണ് ആറ്റുകാൽ പൊങ്കാല. നഗരം നിറഞ്ഞിരിക്കുന്ന പൊങ്കാലക്കലങ്ങൾ ഈ പുണ്യ നഗരത്തെ അണിയിക്കുന്ന തിരുവാഭരണം പോലെ തോന്നും. ചുട്ടുപൊള്ളുന്ന കുംഭമാസച്ചൂടിലും ആറ്റുകാലമ്മയ്ക്കു സമർപ്പിക്കാൻ വരിവരി യായി നിരത്തിയ അടുപ്പുകൾ ! ലോകത്തിന്റെ ഏതു കോണിലായാലും ആറ്റുകാൽ പൊങ്കാലയെ ന്നു കേൾക്കുമ്പോൾ ഉള്ളിൽ ദീപാരാധനയുടെ മണിമുഴക്കം കേൾക്കാം എന്റെ അമ്മ ശാന്തകുമാരി അടുത്തിടെയാണ് വിട പറഞ്ഞത്. പൊങ്കാലയുടെ ഈ ദിവസങ്ങളിൽ ഞാൻ അമ്മയെയാണ് മനസ്സിൽ ഓർമിക്കുന്നത്. അമ്മ ആറ്റുകാലമ്മയുടെ വലിയ ഭക്‌തയായിരുന്നു. മുടങ്ങാതെ എത്രയോ വർഷങ്ങൾ അമ്മ പൊങ്കാല അർപ്പിക്കുമായിരുന്നു. വർഷങ്ങളോളം ആത്മസമർപ്പണത്തോടെ അമ്മ ചെയ്തു കൊണ്ടിരുന്ന പുണ്യ കർമം. ദേവിയോടുള്ള അചഞ്ചലമായ ഭക്‌തി- അതൊന്നു മാത്രമായിരുന്നു ഞാൻ കണ്ട വലിയ പ്രാർഥന. സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും നിറവ്. മൺകലത്തിൽ വെന്തു തൂവുന്ന പൊങ്കാല പ്രസാദത്തിന്റെ ഗന്ധവും ഓർമയിലുണ്ട്. ആറ്റുകാലമ്മയുടെ സന്നിധിയിൽ നിൽക്കുമ്പോൾ അമ്മ, ഒരു നോവായി, മായാത്ത ചിത്രമായി മനസ്സിലുണ്ട്. അമ്മയുടെ സ്നേഹവും പ്രാർഥനയും പുനർജനിക്കുന്നതായി അനുഭവപ്പെടുന്നു.
What you should read next
- പാലക്കാട് ഉറപ്പിച്ച് രമേശ് പിഷാരടി; 40 സീറ്റുകളിൽ ഒറ്റപ്പേരായി, ബേപ്പൂരിൽ അൻവർ തന്നെ Latest News
എന്റെ ജീവിതത്തിലെ ശുഭകരമായ രണ്ടു കാര്യങ്ങൾ ആറ്റുകാലമ്മയ്ക്കു മുന്നിൽവച്ചായിരുന്നു. ആദ്യചിത്രമായ തിരനോട്ടത്തിന്റെ പൂജയും പിന്നീട് വിവാഹവും. 1978 സെപ്റ്റംബർ 3 നായിരുന്നു സിനിമയുടെ പൂജ. തുടർന്ന് ആദ്യഷോട്ട് എടുത്തത് മുടവൻമുകളിലെ എന്റെ വീടിനു മുന്നിലെ വഴിയിൽ വച്ചും. 1988 ഏപ്രിൽ 28ന് ഈ തിരുനടയിൽവച്ച് സുചിത്രയെ താലിചാർത്തി. മൂന്നര പതിറ്റാണ്ടു പിന്നിടുന്ന ഞങ്ങളുടെ ദാമ്പത്യത്തിന്റെ സൗഭാഗ്യം അമ്മയുടെ അനുഗ്രഹമല്ലാതെ മറ്റെന്താണ്.
എന്റെ കുട്ടിക്കാലത്ത് ആറ്റുകാൽ ഇന്നു കാണുന്നതുപോലെയല്ല. ചുറ്റും പച്ചനിറഞ്ഞ വയലുകളായിരുന്നു. പൂജപ്പുര, കരമന എന്നിവിടങ്ങളിൽ നിന്നെല്ലാം ക്ഷേത്രത്തിലേക്കു പുറപ്പെടുന്ന വിളക്കുകെട്ട് ഘോഷയാത്രകളുടെ ഭാഗമായിട്ടുണ്ട്. പൊങ്കാലയുമായി എന്റെ ഏറ്റവും പഴക്കമുള്ള ഓർമ വിളക്കുകെട്ട് ഘോഷയാത്രയാണ്. കുട്ടികൾ അതിനൊപ്പം സഞ്ചരിക്കും. ഓരോ ദേശത്തുനിന്നുമുള്ള വിളക്കുകെട്ടുകൾ ആഘോഷമായാണ് ആറ്റുകാലിലേക്കെത്തുന്നത്. സപ്രമഞ്ചലിൽ ദേവീരൂപമുണ്ടാക്കി ചുമലിലേറ്റി, നെയ്യാണ്ടി മേളത്തോടെ, ഗ്യാസ് ലൈറ്റുകളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നത് ഇന്നും മനസ്സിലുള്ള കാഴ്ചയാണ്. ഘോഷയാത്രകൾക്ക് അന്നു ‘ചപ്രമെഴുന്നള്ളത്ത്’ എന്നും പറഞ്ഞിരുന്നു. സപ്രമഞ്ചലിന്റെ പ്രാദേശിക രൂപമായിരിക്കാം ചപ്രമെഴുന്നള്ളത്. ഇന്നതു പരിഷ്കരിച്ച് വിളക്കുകെട്ട് ആയിട്ടുണ്ട്.
What you should read next
- പ്രധാനമന്ത്രിയുമായി പാത്രിയർക്കീസ് ബാവാ ചർച്ച നടത്തി Kerala
പൊങ്കാല നാളുകളിലും സിനിമയുണ്ട്. സമീപത്തെ തിയറ്ററുകളിൽ സെക്കൻഡ് ഷോ കഴിഞ്ഞാൽ സ്പെഷൽ തേഡ് ഷോ ഉണ്ടാകും. ശ്രീപത്മനാഭയിലും കിള്ളിപ്പാലം ശിവയിലും പൊങ്കാലയ്ക്കായി വരുന്ന ഭക്‌തർക്കായി പുണ്യപുരാണ സിനിമകളാണ് പ്രദർശിപ്പിച്ചിരുന്നത്. കേരളത്തിനു പുറത്തുള്ള എന്റെ സുഹൃത്തുക്കളോട് ആറ്റുകാൽ പൊങ്കാലയെപ്പറ്റി അഭിമാനത്തോടെ പറഞ്ഞിട്ടുള്ള മുഹൂർത്തങ്ങൾ ജീവിതത്തിലുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒരു ദിവസം വന്നു ചേരുന്ന ഉത്സവമാണ് ഇതെന്നു കേൾക്കുമ്പോൾ അവരുടെയെല്ലാം മുഖത്തു അത്ഭുതാദരവുകൾ വിടരും. ADVERTISEMENT Go AD-FREE
‘എന്റെ അമ്മ’യെന്ന് നമ്മൾ ഓരോരുത്തരും വിളിക്കുന്ന ആ അനുഗ്രഹത്തെപ്പറ്റി ലോകത്തിനു മുന്നിൽ പറയുമ്പോൾ അതു കേവലം വിശ്വാസവും ഭക്തിയും മാത്രമല്ല, അമ്മയോടുള്ള മക്കളുടെ അടങ്ങാത്ത സ്നേഹത്തെക്കുറിച്ചു കൂടിയാണു പറയുന്നത്.
(ആറ്റുകാൽ ഉത്സവത്തോടനുബന്ധിച്ച് അംബ പുരസ്കാരം ഏറ്റു വാങ്ങി നടൻ മോഹൻലാൽ നടത്തിയ പ്രസംഗത്തിൽ നിന്ന്) ADVERTISEMENT Go AD-FREE
JUST IN
-
2 MINUTES AGO ‘എന്റെ അമ്മ’യെന്ന് നമ്മൾ വിളിക്കുന്ന അനുഗ്രഹം; ആറ്റുകാൽ പൊങ്കാല മറ്റൊരു തിരുവോണമെന്ന് മോഹൻലാൽ Latest News
-
51 MINUTES AGO ചെറുകക്ഷികൾക്കൊന്നും അധിക സീറ്റില്ല, ഉള്ളത് കൊണ്ട് തൃപ്തിപെടാൻ ആർജെഡി; ‘തിരുവനന്തപുരം’ വൈകിട്ട് തീരുമാനമാകും Latest News
-
1 HOUR 29 MINUTES AGO കെഎസ്ആർടിസി ബസിനു നേരെ തോക്കുചൂണ്ടി കാർ യാത്രക്കാരൻ; ഇരുമ്പു കമ്പി എറിഞ്ഞു ഹെഡ് ലൈറ്റ് പൊട്ടിച്ചു Latest News
VIEW MORE
English Summary:
Attukal Pongala : Actor Mohanlal shares his deep personal connection to Attukal Pongala, recalling it as a “blessing we call Mother.“ Discover his heartfelt memories of his mother\“s devotion, his wedding to Suchitra at the shrine, and his first film\“s pooja. |
|