തിരുവനന്തപുരം ∙ ട്വന്റി20 ലോകകപ്പ് ഫൈനലിൽ, ന്യൂസീലൻഡിനെതിരെ ഇന്ത്യ നേടിയ ജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സഞ്ജു സാംസൺ കാഴ്ചവച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണ്. ഫൈനലിലെ നിർണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിങ്ങിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിനു സാധിച്ചു.
പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏതു വലിയ ലക്ഷ്യവും കീഴടക്കാമെന്നു സഞ്ജു കാണിച്ചുതന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ബഹുമതി നേട്ടങ്ങളുടെ മാറ്റുകൂട്ടുന്നു. ലോകചാംപ്യൻമാരായ ടീം ഇന്ത്യയ്ക്കും വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജുവിനും അഭിനന്ദനങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഈ ജയം സഞ്ജുവിന്റെ പ്രതികാരമെന്ന് പിതാവ്
തിരുവനന്തപുരം ∙ ട്വന്റി20 ലോകകപ്പ് ജയം സഞ്ജുവിന്റെ പ്രതികാരമെന്നു പിതാവ് സാംസൺ. മുൻമത്സരങ്ങളിലെ പരാജയത്തിനുള്ള മറുപടിയാണു സഞ്ജു നൽകിയത്. ലോകകപ്പ് ടീമിൽ ഉണ്ടാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. കിട്ടിയ അവസരം പ്രയോജനപ്പെടുത്തി സഞ്ജു തിരിച്ചുവന്നുവെന്നും പിതാവ് പറഞ്ഞു. |