കയ്യൂക്കുള്ളവൻ കാര്യക്കാരൻ ആകുന്ന സ്ഥിതിയാണ് നമ്മുടെ റോഡുകളിൽ. അപകടം ഉണ്ടാക്കുന്നവർ അസഭ്യവർഷവും അക്രമവും നടത്തി പലപ്പോഴും രക്ഷപ്പെടുന്നു. നിരപരാധികൾ കുടുങ്ങുന്നു. ഇതെത്രകാലം അനുവദിച്ചുകൊടുക്കാനാകും?
- Also Read വയനാട് തുരങ്കപാതയ്ക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു; നീളത്തിൽ കേരളത്തിലെ ഏറ്റവും വലുത്
നമ്മുടെ റോഡുകളിൽ ഇത്രയധികം അപകടമുണ്ടായിട്ടും ശാസ്ത്രീയമായ റോഡ് വികസനത്തെക്കുറിച്ചോ റോഡിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചോ പൊതുഗതാഗതം വ്യാപകമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ നാം ക്രിയാത്മകമായി ചിന്തിക്കുന്നില്ല. റോഡിൽ ഇറങ്ങുമ്പോൾ നിയമങ്ങൾ പാലിക്കാൻ നാം മറന്നുപോകുന്നു. നിയമവ്യവസ്ഥ ഇല്ലാത്തതോ അന്യായത്തിനു പരിരക്ഷ ലഭിക്കുന്നതോ ആയ ഒരുസ്ഥലത്ത് തർക്കങ്ങളിലൂടെയും കയ്യൂക്കിലൂടെയും അവകാശവാദങ്ങൾ സാധിച്ചെടുക്കാം എന്ന തോന്നൽ റോഡിലുണ്ടാക്കുന്ന സംഘർഷങ്ങൾ ചെറുതല്ല.
ഈയിടെ നെടുമ്പാശേരിയിലുണ്ടായ സംഭവം നോക്കുക. യുവതി തന്റെ കാർ മുന്നോട്ടെടുക്കവേ ഒരാൾ സ്കൂട്ടറിൽ കാറിനു വട്ടംകയറി മറുവശത്തേക്കു കടക്കാൻ ശ്രമിക്കുകയും കാറും സ്കൂട്ടറും കൂട്ടിയിടിക്കുകയും ചെയ്തു. സ്കൂട്ടറിന്റെ പിന്നിലിരുന്ന യാത്രക്കാരി തെറിച്ചുവീണ് മറ്റൊരു വാഹനത്തിന്റെ അടിയിൽപെട്ടു മരിച്ചു. ഈ അപകടത്തിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞില്ലായിരുന്നെങ്കിൽ കാർ ഡ്രൈവറുടെ കുറ്റമാണെന്ന നിലയിലേക്കു കാര്യങ്ങൾ എത്തുമായിരുന്നു. വലിയ വാഹനം ഓടിക്കുന്നയാളാണു കുറ്റക്കാരൻ എന്നതാണു പൊതുമനോനില. നിയമപരമായി റോഡിൽ വാഹനം ഓടിച്ചാലും മറ്റുള്ളവരിൽനിന്ന് അസഭ്യവർഷം കേൾക്കണ്ടിവരുന്നു. അങ്ങനെയൊരു വ്യവസ്ഥിതി നിലനിൽക്കുന്ന നാട്ടിൽ ആളുകൾ തർക്കിക്കുന്നതും അതു സംഘർഷത്തിലേക്കും അക്രമത്തിലേക്കും നീങ്ങുന്നതും പതിവാകുന്നു.
മാനസികാരോഗ്യവും പരിശോധിക്കേണ്ടേ?
ലൈസൻസ് കൊടുക്കുമ്പോഴോ പിന്നീടോ ഡ്രൈവറുടെ മാനസികാരോഗ്യം പരിശോധിക്കുന്ന സമ്പ്രദായം നമ്മുടെ നാട്ടിൽ ഇല്ല. അപേക്ഷിച്ച് പരമാവധി രണ്ടു മാസത്തിനകം ലൈസൻസ് സ്വന്തമാക്കി തിരക്കേറിയ റോഡിലേക്ക് ഇറങ്ങാമെന്നതാണു സ്ഥിതി. മത്സരബുദ്ധിയോടെയോ വൈകാരികമായോ ഇടപെടാൻ പാടില്ലാത്ത ജോലിയാണു ഡ്രൈവിങ്. മറ്റുള്ളവരുടെ ജീവനും വാഹനത്തിനും വിലയുണ്ടെന്ന ചിന്ത വേണം. അങ്ങനെയൊരു പരസ്പര ബഹുമാനം നമ്മുടെ റോഡിൽ കാണുന്നില്ല. മാനസികസംഘർഷം, മത്സരബുദ്ധി, ലഹരി ഉപയോഗം, അനാവശ്യ ധൃതി എന്നിവയൊക്കെയാണു റോഡിലെ പ്രകോപനങ്ങൾക്കു പിന്നിൽ. തുടർച്ചയായി ഹോണടിക്കുക, വാഹനത്തിന്റെ തൊട്ടുപിന്നിലായി പിന്തുടരുക, ഇടതുവശത്തുകൂടെ മറികടക്കുക, സിഗ്നൽ തെറ്റിച്ചു പായുക, റോഡ് കുറുകെ കടക്കുന്നവരെ തടസ്സപ്പെടുത്തി സീബ്രാ ലൈനിൽ വാഹനം നിർത്തുക എന്നിങ്ങനെ മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന ഡ്രൈവിങ് രീതികൾ പിന്തുടരുന്നവരുണ്ട്.
എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസുണ്ട്. വാഹനത്തിന്റെ കേടുപാടുകൾ അതുവഴി തീർക്കാം. നിയമപരമായി നമ്മുടെ ഭാഗത്താണ് ശരിയെങ്കിൽ കേസ് നമുക്ക് അനുകൂലമായി വരും. ആ വഴിയാണു നോക്കേണ്ടത്. പകരം, റോഡിൽ രണ്ടു ഡ്രൈവർമാർ തമ്മിൽ തർക്കമുണ്ടായാൽ കാഴ്ചക്കാർ ഇടപെട്ട് അത് ഊതിപ്പെരുപ്പിച്ചു വലുതാക്കുന്നതാണു പലപ്പോഴും കണ്ടിട്ടുള്ളത്.Editorial, Malayalam News, Pinarayi Vijayan, Water Transport, Kerala Government, Kerala waterway project, West Coast Waterway, Kovalam Bekal Waterway, Kerala development, infrastructure project Kerala, unfulfilled promises Kerala, Pinarayi Vijayan projects, APJ Abdul Kalam vision, Kerala tourism corridor, water transport Kerala, KWIL, KIIFB, waterway delay, government apathy, election promises, Kerala infrastructure, inland navigation Kerala, 6000 crore project, Akkulam Chettuva waterway, Kerala economy, കേരള ജലപാത പദ്ധതി, വെസ്റ്റ് കോസ്റ്റ് കനൽ, കോവളം ബേക്കൽ ജലപാത, കേരള വികസനം, അടിസ്ഥാന സൗകര്യം കേരളം, പൂർത്തിയാകാത്ത വാഗ്ദാനങ്ങൾ, പിണറായി വിജയൻ പദ്ധതികൾ, എ.പി.ജെ. അബ്ദുൾ കലാം ദർശനം, കേരള ടൂറിസം കോറിഡോർ, ജലഗതാഗതം കേരളം, കെ.ഡബ്ല്യു.ഐ.എൽ, കിഫ്ബി, ജലപാത നിർമ്മാണം, സർക്കാർ അനാസ്ഥ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ, കേരള സമ്പദ്‌വ്യവസ്ഥ, ഉൾനാടൻ ജലഗതാഗതം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kerala Waterway Project: A ₹6000 Crore Dream Drowning in Delays
ആദ്യം വേണ്ടതു ഗതാഗതനിയമത്തിലുള്ള ധാരണയും നിയമം കർശനമായി നടപ്പാക്കലുമാണ്. സമാധാനമുള്ള ഒരു റോഡിനായുള്ള ശ്രമം ലൈസൻസ് നൽകുന്നതിൽനിന്നുതന്നെ തുടങ്ങേണ്ടതുണ്ട്. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ ആദ്യം ലേണേഴ്സ് ലൈസൻസ് എടുത്ത് ഒരു വർഷത്തോളം ‘എൽ’ ബോർഡ് വച്ചുവേണം ഓടിക്കാൻ. ഈ കാലയളവിൽ നിയമലംഘനം നടത്തിയിട്ടില്ല അല്ലെങ്കിൽ നിയമലംഘനം മൂലം നിശ്ചിതപരിധിയിൽ കൂടുതൽ പെനൽറ്റി പോയിന്റുകൾ ലഭിച്ചിട്ടില്ല എങ്കിൽ പ്രൊവിഷനൽ ലൈസൻസ് ലഭിക്കും. അതുതന്നെ പി1, പി2 എന്നിങ്ങനെ രണ്ടു തലത്തിലുണ്ട്. രണ്ടു തലത്തിലും നല്ല പ്രകടനം നടത്തിയെന്നു ബോധ്യപ്പെട്ടാൽ മാത്രമേ പൂർണ ലൈസൻസ് ലഭിക്കുകയുള്ളൂ. ഇവിടെയോ?
പിഴയീടാക്കൽ ഇങ്ങനെ മതിയോ?
എഐ ക്യാമറ സ്ഥാപിച്ചതു റോഡിലെ നിയമലംഘനം പിടികൂടുന്നതിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഇവിടുത്തെ പിഴയീടാക്കൽ സംവിധാനം കാര്യക്ഷമമാണോ? എൻഫോഴ്സ്മെന്റ് വളരെ ദുർബലമാണ്. ഗതാഗത നിയമലംഘനം നടന്നാൽ ആ നിമിഷം ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽനിന്നു പിഴയീടാക്കുകയും മെസേജ് ഫോണിൽ ലഭിക്കുകയും വേണം. ഇത്രയധികം ഗതാഗതലംഘനം നടക്കുന്ന നമ്മുടെ നാട്ടിൽ എത്ര പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നുണ്ട്. ഇനി റദ്ദാക്കിയാൽപോലും ആധാറുമായി ലിങ്ക് ചെയ്യാത്തതിനാൽ വേറൊരു ലൈസൻസ് എടുക്കാൻ പ്രയാസമില്ല. ആ സ്ഥിതി മാറണം.
ഗതാഗത നിയമങ്ങളെക്കുറിച്ചു കൂടുതൽ ഗൗരവത്തോടെ സ്കൂളുകളിൽ പഠിപ്പിക്കണം. വാഹന ഉടമ നികുതി നൽകുന്നുവെങ്കിലും കാൽനടക്കാർക്കാണു റോഡിൽ മുൻഗണനയെന്ന ബോധം ഊട്ടിയുറപ്പിക്കണം. റോഡിൽ എവിടെയും തനിക്കു കുറുകെ കടക്കാൻ അവകാശമുണ്ടെന്നു കാൽനടക്കാർക്കും തെറ്റിദ്ധാരണ വേണ്ട. പ്രധാന റോഡുകളിലെല്ലാം ഡിവൈഡറും സിഗ്നലും സ്ഥാപിക്കുക എന്നതും പ്രധാനമാണ്. ഇരുചക്രവാഹനങ്ങൾക്കു ദേശീയപാതയിലുൾപ്പെടെ നിയന്ത്രണം ആവശ്യമാണ്.
വാഹനപ്പെരുപ്പമനുസരിച്ച് ഇവിടെ റോഡിന്റെ വീതി കൂടുകയോ പുതിയ റോഡുകൾ വരികയോ ചെയ്യുന്നില്ല. നാൽപതിനായിരത്തോളം ബസുകളുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ കെഎസ്ആർടിസി ഉൾപ്പെടെ പതിനായിരം തികച്ചില്ല. പൊതുഗതാഗതം ശക്തിപ്പെടുത്താൻ ഇനിയും മടിച്ചുനിന്നുകൂടാ. സ്വകാര്യവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയും പൊതുഗതാഗതം വ്യാപകമാക്കുകയുമാണു പല പരിഷ്കൃത രാജ്യങ്ങളും ചെയ്യുന്നത്. സ്വകാര്യ വാഹനം വാങ്ങാൻ വലിയതുക കൊടുത്തു പെർമിറ്റ് എടുക്കേണ്ട രാജ്യങ്ങളുമുണ്ട്. സിംഗപ്പൂരിൽ ഒരു വർഷം കണ്ടം ചെയ്യുന്ന വാഹനങ്ങളുടെ അത്രയും പുതിയ വാഹനങ്ങളേ നിരത്തിലിറക്കുകയുള്ളൂ. വികസിത രാജ്യങ്ങളിൽ പൊതുഗതാഗത സംവിധാനം നിയന്ത്രിക്കുന്നത് ഒറ്റ ഏജൻസിയാണ്. ഇവിടെ വിവിധ വകുപ്പുകളും ഏജൻസികളുമാണു കൈകാര്യം ചെയ്യുന്നത്. കൃത്യമായ ആസൂത്രണം നടക്കാത്തതിന്റെ കാരണമിതാണ്.
റോഡിലെ തർക്കങ്ങൾ തീരണമെങ്കിൽ ആദ്യം റോഡ് നന്നാവുകയും നിയമം കർശനമായി നടപ്പാക്കുകയും ക്രിയാത്മകമായ പരിഷ്കാരങ്ങൾ കൊണ്ടുവരികയും വേണം. രാജ്യത്തെ 6.3% ആളുകൾ മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നായിരുന്നു അഞ്ചുവർഷം മുൻപത്തെ കണക്ക്. ഇപ്പോഴത് 10.3 ശതമാനമായി. ഇവരിൽ നല്ലൊരു ശതമാനം വാഹനവുമായി റോഡിലിറങ്ങുന്നവരാണ്.
വീട്ടിലെയും ഓഫിസിലെയും പ്രശ്നങ്ങൾ മൂലമുള്ള പിരിമുറുക്കവുമായി റോഡിലിറങ്ങുന്നവരുമുണ്ട്. ചെറിയ കാര്യങ്ങളിൽ പോലും ഇവർ പ്രകോപിതരാകാം. പല കാരണങ്ങൾകൊണ്ടുള്ള സമ്മർദം മുഴുവൻ മറ്റൊരാളുടെ പുറത്തുതീർക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ലഹരിയുപയോഗിച്ച് വാഹനവുമായി ഇറങ്ങുന്നവരും ഏറെ. രാസലഹരി പിടിക്കാൻ ബ്രെത്തലൈസർ പരിശോധനകൊണ്ടു കഴിയില്ലല്ലോ. എന്തിനാണു റോഡിൽ ധൃതി പിടിച്ചുള്ള പോക്ക് എന്നു പുതിയ തലമുറ ആലോചിക്കണം. വേഗത്തിൽ വാഹനമോടിച്ചതുകൊണ്ടു കിട്ടുക ഒന്നോ രണ്ടോ മിനിറ്റിന്റെ ലാഭമാകാം. പക്ഷേ, ആ വേഗം ഏതു നിമിഷവും പിഴയ്ക്കാനുള്ള സാധ്യതയുണ്ട്. അപ്പോൾ നഷ്ടപ്പെടുന്നതു ജീവിതം തന്നെയാണ്. അതു നമ്മുടേതാകാം, മറ്റൊരാളുടേതുമാകാം.
(സംസ്ഥാന മുൻ ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി മുൻ സിഎംഡിയുമാണ് ലേഖകൻ) English Summary:
Road Safety: Road Safety is paramount and requires strict adherence to traffic rules and a focus on responsible driving. Improving road infrastructure, enforcing traffic laws, and promoting public transportation are essential steps toward reducing accidents and ensuring safer roads. Prioritizing driver mental health and road user responsibility contributes to creating a civilized and safe environment for everyone. |