കൊച്ചി ∙ തൈക്കൂടം സ്വദേശി പ്രതീഷ് വർഗീസ് (42) തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലാ ജയിലിൽ മരിച്ചിട്ട് ഏതാനും ദിവസങ്ങളായി. കുഴഞ്ഞുവീണ് മരിച്ചെന്നായിരുന്നു ജയിൽ അധികൃതരുടെ ഭാഷ്യം. ഇതിനെതിരെ പരാതി ഉയർന്നതോടെ ഡിണ്ടിഗൽ വെസ്റ്റ് പൊലീസ് അന്വേഷണവും തുടങ്ങി. പിന്നാലെ പ്രതീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുകയും ചെയ്തു. 12 വർഷം മുൻപു നടന്ന തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ടായിരുന്നു, ജോലിക്കായി ഗൾഫിലേക്ക് പോകാനിരുന്നതിന്റെ തലേന്ന് ഡിണ്ടിഗൽ പൊലീസ് കൊച്ചിയിലെത്തി പ്രതീഷിനെ കസ്റ്റഡിയിലെടുക്കുന്നത്.
- Also Read ‘പുറകിലൂടെ ചെന്ന് പ്രവീണിന്റെ കഴുത്തറുത്തു, ഒരാളെക്കൂടി കൊല്ലാനുണ്ടെന്നു പറഞ്ഞു; സാവധാനം മുകളിലേക്ക് നടന്നുപോയി’
തമിഴ് നടനും നിർമാതാവും ഡിഎംകെ എംപിയുമായിരുന്ന ജെ.കെ.റിതേഷ് സഹപ്രവർത്തകനായ കതിരവനെ തട്ടിക്കൊണ്ടുപോകാൻ നൽകിയ ‘ക്വട്ടേഷനു’മായി ബന്ധപ്പെട്ട കേസിൽ വിചാരണയ്ക്കു ഹാജരായില്ലെന്നു കാട്ടിയാണ് ഡിണ്ടിഗൽ പൊലീസ് കസ്റ്റഡിയിലെടുത്തതും തുടർന്ന്, പ്രതീഷ് മരണപ്പെടുന്നതും. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതികൾ ഉയരുമ്പോഴും, പ്രതീഷിനെ കസ്റ്റഡിയിലെടുക്കാൻ കാരണമായ തട്ടിക്കൊണ്ടുപോകൽ കേസിനു പിന്നിലുള്ള സംഭവങ്ങൾ ആക്‌ഷൻ സിനിമകളെ വെല്ലുന്ന സംഭവകഥകളാണ്.
- Also Read ഗർഭിണിയായ യുവതിയെ കാമുകൻ കുത്തി കൊലപ്പെടുത്തി, കത്തി വലിച്ചൂരി തിരിച്ചു കുത്തി ഭർത്താവ്; ഡൽഹിയിൽ ഇരട്ടക്കൊലപാതകം
∙ വെടിവയ്പ്പിൽ കൊല്ലപ്പെട്ട സിനോജ്, സംഘത്തിൽ പ്രതീഷും
2012 മാർച്ച്. തമിഴ്‌നാട് പൊലീസ് ഡിണ്ടിഗലിൽ നടത്തിയ വെടിവയ്പ്പിൽ കൊച്ചിയിലെ ഗുണ്ടാനേതാവ് ചമ്പക്കര സ്വദേശി സിനോജ് ജോസഫ് (34) കൊല്ലപ്പെട്ടു. തമിഴ്‌നാട് സ്വദേശി വരിച്ചിയൂർ ശെൽവമായിരുന്നു സംഘത്തലവൻ. സംഘത്തിലുണ്ടായിരുന്ന മലയാളികളായ പ്രതീഷ് വർഗീസ്, പാലാരിവട്ടം അജിത് എന്നിവർ പൊലീസ് പിടിയിലായി. ഇവർ താമസിച്ച ലോഡ്ജ് വളയുന്നതിനിടെ ആക്രമണമുണ്ടായെന്നും തിരിച്ചുള്ള വെടിവയ്പിൽ സിനോജ് കൊല്ലപ്പെട്ടെന്നായിരുന്നു പൊലീസ് വാദം. സിനോജിന്റെ ശരീരത്തിൽ നിറയെ മുറിവുകളുണ്ടായിരുന്നെന്നും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതല്ലെന്നും പരാതികൾ ഉയർന്നതിനെ തുടർന്ന് മജിസ്‌ട്രേട്ട് അന്വേഷണം വരെ നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
- Also Read തെക്കനേഷ്യയിൽ ഇന്ത്യയ്ക്ക് പുതിയ ഭീഷണി: താലിബാനെ ഡല്‍ഹിയിലേക്കു ക്ഷണിച്ചത് വെറുതെയല്ല; പിന്നിൽ ‘അട്ടിമറി’ നയതന്ത്രം
വൈറ്റിലയിൽ ചുമട്ടുതൊഴിലാളിയായിരുന്ന സിനോജ് വളരെ പെട്ടെന്നാണ് ഗുണ്ടാനേതാവായി വളർന്നത്. തൊഴിലാളികളുമായി ബന്ധപ്പെട്ട ചെറിയ കേസുകളിൽപ്പോലും നേരിൽ ചെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിച്ചും സിനോജ് ആദ്യം തൊഴിലാളികൾക്കിടയിൽ ശ്രദ്ധ നേടി. തൃപ്പൂണിത്തുറ പേട്ടയിലെ സുഭാഷ് വധക്കേസിൽ ജയിലിലായിരുന്ന ‘പതിനെട്ടര കമ്പനി’ നേതാവ് സതീശന്റെ സംഘവുമായി ഉടക്കിയതോടെ സിനോജ് പെട്ടെന്ന് കുപ്രസിദ്ധനായി. സതീശനെ മറികടന്നുള്ള വളർച്ചയ്ക്ക് തടയിടാൻ മറ്റൊരു ഗുണ്ടാ നേതാവായ ഭായി നസീറും സംഘവും സിനോജിന്റെ വീട് ആക്രമിച്ചു. ദേശീയപാതയിലൂടെ ബൈക്കിൽ വരുമ്പോൾ ഭായി നസീറിനെ വടിവാൾ കൊണ്ട് വെട്ടി സിനോജ് പകരം വീട്ടി. പിന്നീട് തോക്ക് കൈവശം വച്ചതിന് പനങ്ങാട് പൊലീസിന്റെ പിടിയിലായി. പുറത്തിറങ്ങിയെങ്കിലും ആലുവ സ്പിരിറ്റ് കേസിൽ ഒളിവിൽ പോകുകയായിരുന്നു.
∙ ഒളിവിലിരിക്കെ കിട്ടിയ ക്വട്ടേഷൻ
2011 ഓഗസ്റ്റ് 5ന് ദേശീയപാതയിൽ തോട്ടയ്ക്കാട്ടുകരയിൽ പൂട്ടിക്കിടന്ന ഓട്ടമൊബീൽ സർവീസ് സ്റ്റേഷനിൽനിന്ന് 8,500 ലീറ്റർ സ്പിരിറ്റ് എക്സൈസ് ഇന്റലിജൻസ് വിഭാഗം പിടിച്ച കേസിൽ ഒളിവിലിരിക്കെയാണ് ഡിഎംകെ നേതാവിനെ തട്ടിക്കൊണ്ടുപോകുന്നതും പൊലീസ് ഏറ്റുമുട്ടലും സിനോജിന്റെ മരണവുമൊക്കെ. മറ്റൊരു ഗുണ്ടാ നേതാവായ മരട് അനീഷ് നേതൃത്വം നൽകുന്ന സംഘത്തിൽപ്പെട്ടവരാണ് സിനോജും അജിത്തുമെന്ന് അന്ന് സ്പിരിറ്റ് കേസ് അന്വേഷിച്ച എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് വ്യക്തമാക്കിയിരുന്നു. അനീഷ്, സിനോജ്, അജിത് തുടങ്ങിയവർക്കെതിരെ എക്സൈസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. തമിഴ്‌നാട്ടിൽ ഇവർ ഒളിവിൽ കഴിയുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം ആഴ്ചകളോളം അവിടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
- Also Read കണ്ടുപിടിക്കില്ലെന്ന ആത്മവിശ്വാസം; ചതിച്ചത് സിസിടിവി, അയർക്കുന്നം കൊലപാതകം ചുരുളഴിഞ്ഞതിങ്ങനെ
ഇതിനിടെയാണ് നടനും നിർമാതാവും ഡിഎംകെ എംപിയുമായിരുന്ന ജെ.കെ.റിതേഷ് സഹപ്രവർത്തകനായ കതിരവനെ തട്ടിക്കൊണ്ടുപോകാൻ കുപ്രസിദ്ധ ഗുണ്ട വരിച്ചിയൂർ ശെൽവത്തിന് ക്വട്ടേഷൻ നൽകിയത്. എന്നാൽ ശെൽവം തന്നെ ഈ കേസിൽ ഉൾപ്പെടുത്തുകയായിരുന്നെന്നായിരുന്നു റിതേഷിന്റെ വാദം. ഏതായാലും
ശെൽവം പ്രതീഷും സിനോജുമടങ്ങിയ മലയാളി സംഘത്തിനു ക്വട്ടേഷൻ മറിച്ചുനൽകി. ഇക്കാര്യം പൊലീസ് റിപ്പോര്‍ട്ടുകളിലുണ്ട്. സംഭവത്തിൽ കേരള ഗ്യാങ്ങിനു പുറമെ ശെൽവത്തിന്റെ സഹോദരന്‍ സെന്തിലും അറസ്റ്റിലായിരുന്നു.
കേസിലെ പ്രധാന പ്രതി വരിച്ചിയൂർ ശെൽവം, വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലെ താരമാണ്. ദേഹം നിറയെ ആഭരണങ്ങൾ അണിഞ്ഞും ആഡംബര വാഹനങ്ങളിൽ സഞ്ചരിച്ചുമെല്ലാം ഒട്ടേറെ റീലുകളാണ് ശെൽവത്തിന്റേതായി സമൂഹമാധ്യമങ്ങളിലുള്ളത്. കതിരവനെ തട്ടിക്കൊണ്ടുപോയ കേസിൽ വിചാരണ നടന്നു വരികയാണ്. എന്നാൽ ഈ കേസിൽ ശെൽവം ഒളിവിൽ പോയെങ്കിലും ഇക്കഴിഞ്ഞ ഏപ്രിലിൽ പൊലീസ് പിടികൂടി വിചാരണയ്ക്കു ഹാജരാക്കി. ഇതേ കേസിൽ വിചാരണയ്ക്കു ഹാജരായില്ല എന്നു കാട്ടിയാണ് ഡിണ്ടിഗൽ പൊലീസ് പ്രതിഷ് വർഗീസിനെ തമിഴ്നാട്ടിലേക്കു കൊണ്ടുപോയതും.
∙ ഗുണ്ടാപ്പണികൾ അവസാനിപ്പിച്ച് വർഷങ്ങൾക്ക് ശേഷം അന്ത്യം
കേസുകളിൽ പ്രതിയായതിനെ തുടർന്ന് വർഷങ്ങളായി ഇത്തരം ഇടപാടുകളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നു പ്രതീഷ് എന്നാണ് വീട്ടുകാർ പറയുന്നത്. 2012ലെ കേസിൽ പ്രതീഷ് ജാമ്യമെടുക്കുകയും ചെയ്തിരുന്നു. 2012ലെ കേസാണെന്നും കോടതിയിൽ ഹാജരാക്കി അന്നു തന്നെ വിട്ടയയ്ക്കാം എന്നും പൊലീസ് വ്യക്തമാക്കിയതിനെ തുടർന്ന് വീട്ടുകാരും പ്രതീഷിനൊപ്പം ഡിണ്ടിഗലിലേക്കു പോയി. എന്നാൽ കോടതി പ്രതീഷിനെ റിമാൻഡ് ചെയ്തു. ഇതിനിടെയാണു ജയിലിൽ കുഴഞ്ഞുവീണെന്ന് പൊലീസ് പറയുന്നതും പിന്നീട് ആശുപത്രിയിൽ വച്ച് മരിക്കുന്നതും. സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:
Pratheesh Varghese death in Dindigul jail raises concerns and calls for investigation: Incident is linked to a past crime involving a Kerala gang and a DMK leader\“s alleged role. The death has brought old rivalries between notorious gangs back into the spotlight. |
|